സിംഗപ്പൂർ : ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് സിംഗപ്പൂർ. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 26000ത്തോളം പേർക്കാണ് രോഗബാധ ഉണ്ടായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മെയ് അഞ്ചു മുതലായിരുന്നു സിംഗപ്പൂരിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി തുടങ്ങിയത്. ആദ്യ ആഴ്ചയിൽ മാത്രം 13700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മെയ് 12 വരെയുള്ള കണക്കനുസരിച്ച് 25900 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അടുത്ത ആഴ്ചകളിൽ രോഗ വ്യാപനം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്.
രോഗ വ്യാപനം കൂടുംതോറും ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നവരുടെ എണ്ണവും വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സിംഗപ്പൂർ ആരോഗ്യ വിഭാഗം. നിലവിൽ 500ഓളം രോഗികളാണ് ആശുപത്രികളിൽ അഡ്മിറ്റ് ആയിട്ടുള്ളത്. രോഗികളുടെ എണ്ണം വർധിച്ചാൽ സിംഗപ്പൂരിന്റെ ആരോഗ്യ മേഖലയിൽ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രി ഓങ് യെ കുങ് സൂചിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുകയാണെന്നും ഇങ്ങനെയുള്ളവർക്കായി മൊബൈൽ ഇൻ പേഷ്യന്റ് കെയർ ചികിത്സ നൽകുന്നുണ്ടെന്നും സിംഗപ്പൂർ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Discussion about this post