ഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് അധീന കാശ്മീരിലേയും പാകിസ്ഥാനിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നിന്നും ജമ്മു കാശ്മീലെത്തിയ അഭയാര്‍ത്ഥികളുടെയും ക്ഷേമത്തിനായി സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. പാക് അധീന കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവര്‍ക്ക് വേണ്ടി 2,000 കോടിയുടെ പാക്കേജാണ് തയ്യാറാക്കുന്നത്. ഒരു കുടുംബത്തിന് 5.5 ലക്ഷം രൂപയാണ് പാക്കേജ് പ്രകാരം ലഭിക്കുക. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പാക്കേജിന്റെ ഗുണഫലം ലഭിക്കേണ്ട 36,348 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അനുമതി നല്‍കും.
മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ തുക വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തുക മതിയാകില്ലെന്നാണ് ജമ്മു ആന്‍ഡ് കശ്മീര്‍ ശരണാര്‍ഥി ആക്ഷന്‍ കമ്മറ്റി പറയുന്നത്. 9,200 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ പുനരധിവാസ പ്രകൃയകള്‍ ആരംഭിക്കാന്‍ 2015 ജനവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര സേനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും പോലെ അഭയാര്‍ഥികള്‍ക്കും പ്രവേശനം നല്കാന് ആരംഭിച്ചത് ഈ തീരുമാനപ്രകാരമാണ്.
പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ ജമ്മുകശ്മീരിലെ സ്ഥിര താമസക്കാരല്ല. അതിനാല്‍ ഇവര്‍ക്ക് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ല. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ജമ്മു, കത്വ, രജൗരി, ജില്ലകളിലായാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്. 1947 ലെ വിഭജന കാലത്ത് എത്തിയവരാണ് ഇവരില്‍ അധികവും. 1965,1971 വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ അഭയാര്‍ഥികളായി എത്തിയവരാണ് മറ്റുള്ളവര്‍.
Discussion about this post