കൊച്ചി: ഇടതുമുന്നണിക്കു തലവേദന സൃഷ്ടിച്ച് സിപിഐയും സിപിഎം നേതാവ് എം.സ്വരാജ് എംഎല്‍എയും തമ്മിലുള്ള വാക് പോര് പാരമ്യത്തില്‍. സിപിഐ മുഖപത്രമായ ജനയുഗത്തില്‍ തനിക്കെതിരെ വന്ന വിമര്‍ശനത്തിനു മറുപടിയുമായാണ് സ്വരാജ് വീണ്ടും രംഗത്തു വന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് സ്വരാജ് സിപിഐയെയും ജനയുഗത്തില്‍ വന്ന ലേഖനത്തെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയത്.
ജനയുഗത്തില്‍ വന്ന ലേഖനം, എഴുതിയവന്റെ രാഷ്ട്രീയവും സംസ്‌കാരവും തുറന്നു കാട്ടുന്നതാണെന്ന് സ്വരാജ് വ്യക്തമാക്കി. താന്‍ സിപിഐയെക്കുറിച്ച് പറഞ്ഞത് തന്റെ അനുഭവമാണ്, അതിനു തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സ്വരാജ് പറയുന്നു. ഉത്തരം മുട്ടുമ്പോള്‍ തന്തയ്ക്കു വിളിക്കുന്നത് നല്ലതല്ല. ജനയുഗത്തിന്റെ സാംസ്‌കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ലേഖനത്തിലുള്ളതെന്നും സ്വരാജ് പരിഹസിച്ചു. തന്നെ ഭാഷ പഠിപ്പിക്കാന്‍ വന്ന ബിനോയ് വിശ്വം ജനയുഗത്തില്‍ വന്ന ലേഖനത്തിലെ ഭാഷയെക്കുറിച്ച് മറുപടി പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ കൊടിയെയാണ് താന്‍ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ സിപിഐയ്ക്കു കൊള്ളുന്നതെന്തിനാണെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. ”ഒരു സിപിഐ കാരനെ ഞാനാദ്യമായി നേരില്‍ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂരില്‍ വെച്ചാണ്് ” എന്ന് ഒരു ചടങ്ങിനിടെ സ്വരാജ് പ്രസംഗിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനങ്ങളുമായി സിപിഐ നേതാക്കള്‍ രംഗത്തെതിയതോടെ വിവാദം കൊഴുക്കുകയായിരുന്നു
ഇടതുപക്ഷ ഐക്യത്തെക്കുറിച്ചോര്‍ത്താണ് താന്‍ ഇതുവരെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും പുലയാട്ടുകള്‍ക്കും മറുപടി പറയാഞ്ഞതെന്നും സംഘപരിവാറും കോണ്‍ഗ്രസും തനിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കൊപ്പം സിപിഐ കൂടി ചേര്‍ന്നുവെന്നേ താന്‍ കരുതുന്നുള്ളുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
[fb_pe url=”https://www.facebook.com/ComradeMSwaraj/posts/754856401283882″ bottom=”30″]
Discussion about this post