ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എന്‍ ധിന്‍ഗ്ര സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര പുറത്തുവിട്ടില്ല. എന്നാല്‍, ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നു ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്ന മറുപടിയാണ് നല്‍കിയത്. ‘ക്രമക്കേടൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരുവരി റിപ്പോര്‍ട്ട് മാത്രമായിരിക്കും സമര്‍പ്പിക്കുക. എന്നാല്‍ ഞാന്‍ 182 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. 182 പേജ് റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ അതിനെന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ’ എന്നും ജസ്റ്റിസ് ധിന്‍ഗ്ര വ്യക്തമാക്കി.
ഹരിയാനയിലെ ഗുഡ്ഗാവില്‍ നടത്തിയ 3.53 ഏക്കര്‍ ഭൂമിയിടപാടില്‍ കൃത്രിമരേഖകള്‍ ഉപയോഗിച്ചു വന്‍തുക സമ്പാദിച്ചെന്നും ഇടപാടുകള്‍ക്കു ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നുമാണ് റോബര്‍ട്ട് വാദ്രക്കെതിരായ ആരോപണം. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനത്തിന്റെ പേരിലായിരുന്നു ഭൂമി ഇടപാടുകള്‍ നടന്നത്.
Discussion about this post