റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റുസെഫിനെ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 20നെതിരെ 61 വോട്ടുകള്‍ക്ക് ഇംപീച്ച് ചെയ്തു. ഇതോടെ ബ്രസീലില്‍ 13 വര്‍ഷം നീണ്ട ഇടതു പക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി ഭരണത്തിന് അന്ത്യമായി. ആക്ടിങ് പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ ആണ് ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കുന്നത്. 2019 ജനുവരി ഒന്ന് വരെ ടെമറിന് തുടരാം. മധ്യവലതുപക്ഷ പാര്‍ട്ടിയായ പിഎംഡിബി പാര്‍ട്ടി നേതാവാണ് ടെമര്‍.
കഴിഞ്ഞ മെയില്‍ ദില്‍മയെ പുറത്താക്കാന്‍ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കുന്നതിന് സെനറ്റ് വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ബജറ്റ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ദില്‍മയുടെ കസേര തെറിച്ചത്. അധികാരം നിലനിര്‍ത്താന്‍ 2014ലെ തരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റ് കുറവുകള്‍ പരിഹരിക്കുന്നതിന് രാജ്യത്തിന്റെ വായ്പകള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ദില്‍മയ്ക്കെതിരായ കുറ്റം. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കാര്യം മറച്ചുവെച്ചാണ് ഇത് ചെയ്തതെന്നുമാണ് ആരോപണം. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദില്‍മ റൂസഫ്.
അഴിമതിക്കാരും ക്രിമിനല്‍കേസ് പ്രതികളുമടക്കം 61 സെനറ്റര്‍മാര്‍ ചേര്‍ന്ന് ബ്രസീലിലെ 54 മില്യണ്‍ വരുന്ന ജനങ്ങളുടെ താല്പര്യത്തെ ചവറ്റുകുട്ടയിലേക്കെറിഞ്ഞിരിക്കുകയാണെന്ന് ദില്‍മ റുസെഫ് പ്രതികരിച്ചു. വലതുപക്ഷ പാര്‍ട്ടികളുടെ അട്ടിമറിയാണ് തനിക്കെതിരായ ഇംപീച്ച്മെന്റ് നടപടിയെന്നും അവര്‍ കുറ്റപ്പെടുത്തി. ദില്‍മയ്ക്ക് പിന്തുണയുമായി വര്‍ക്കേഴ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. 2011 ജനുവരിയിലാണ് ലുലാ ഡി സില്‍വയുടെ പിന്‍ഗാമിയായി ദില്‍മ ആദ്യമായി പ്രസിഡന്റായത്.
Discussion about this post