ഡെറാഡൂൺ : ആറുമാസത്തെ ഇടവേളയ്ക്കുശേഷം കേദാർനാഥ് ക്ഷേത്രം വീണ്ടും തുറന്നു. വെള്ളിയാഴ്ച രാവിലെ 7 നായിരുന്നു ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നു നൽകിയത്. ക്ഷേത്രം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി 2000 കിലോ പൂക്കൾ കൊണ്ടായിരുന്നു ക്ഷേത്രത്തിന്റെ അലങ്കാരങ്ങൾ നടത്തിയിരുന്നത്. കേദാർനാഥ് ക്ഷേത്രം വീണ്ടും തുറന്ന ശുഭമുഹൂർത്തത്തിൽ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും നടത്തി.
മഞ്ഞുകാലം കഴിഞ്ഞ് കേദാർനാഥ് ക്ഷേത്രം വീണ്ടും തുറന്നതോടെ ഭക്തർ ഏറെ കാത്തിരിക്കുന്ന തീർത്ഥാടനമായ ചാർധാം യാത്രയ്ക്ക് തുടക്കമായി. ബാബ കേദാറിന്റെ പഞ്ചമുഖി ഡോളി കേദാർനാഥിൽ എത്തിയശേഷം യമുനോത്രി ധാമിന്റെയും ഗംഗോത്രി ധാമിന്റെയും വാതിലുകൾ ഭക്തർക്ക് ദർശനത്തിനായി തുറന്നു. ഇനി അടുത്തതായി ബദരീനാഥ് ധാമിന്റെ വാതിലുകൾ കൂടി തുറക്കുന്നതോടെ ആണ് ചാർധാം തീർത്ഥാടനം പൂർണ്ണമാകുക. മെയ് 12ന് രാവിലെ ആറുമണിക്ക് ആയിരിക്കും ബദരീനാഥ് ധാമിന്റെ വാതിലുകൾ ഭക്തജനങ്ങൾക്കായി തുറക്കുക.
ചാർധാം യാത്രയ്ക്ക് തുടക്കമായതോടെ വൻ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറക്കുന്ന സമയത്ത് തന്നെ ദർശനത്തിനായി പതിനാറായിരത്തിലധികം ഭക്തരാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കേദാർപുരിയിൽ എത്തിച്ചേർന്നിരുന്നത്. ദേവഭൂമി ഉത്തരാഖണ്ഡിന്റെ വിശുദ്ധ ചാർധാം യാത്രയുടെ തുടക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ഈ വർഷം ചാർധാം തീർത്ഥാടനം നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ആശംസകളും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post