കണ്ണൂര്‍: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വീട് സന്ദര്‍ശിക്കുന്നതിനായി എത്തിയ സുധീരന് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചു. അസ്ലം വധക്കേസില്‍ പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും സര്‍ക്കാറിന്റെ പൊലീസ് നയം കേരളത്തെ ചോരക്കളമാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശമുന്നയിച്ചു.
ബാബുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനുമായി വിജിലന്‍സിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടി. പകപോക്കല്‍ നടപടിയാണിതെന്നും തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ബാബുവിന് തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ തള്ളാതെയും കൊള്ളാതെയും സുധീരന് ഇന്നലെയും ഇന്നുമായി മൗനം തുടരുകയാണ്.
Discussion about this post