ഹാങ്ഷൂ(ചൈന): യു.എസ്.സംഘത്തിന് ചൈനീസ് വിമാനത്താവളത്തിലുണ്ടായ അപമാനം അവഗണിച്ച് പ്രസിഡന്റ് ബരാക് ഒബാമ. പ്രശ്നം ഊതിപ്പെരുപ്പിക്കേണ്ടെന്ന് ഒബാമ പറഞ്ഞു.
മനുഷ്യാവകാശത്തിലും പത്രസ്വാതന്ത്രത്തിലും ചൈനക്കും അമേരിക്കയ്ക്കും വ്യത്യസ്ത നിലപാടുകളുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും, യു.എസ്.പ്രസിഡന്റ് വിദേശത്തെത്തുമ്പോള്‍ അനുഗമിക്കുന്ന വൈറ്റ്ഹൗസ് സംഘത്തിന്റെ വലിപ്പം ഒരുപക്ഷേ ആതിഥേയരാഷ്ട്രങ്ങളെ അതിശയിപ്പിക്കുന്നുണ്ടാവാമെന്നും ഒബാമ പറയുന്നു.
രാജ്യത്തിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഒളിപ്പിച്ചുവെക്കുന്നത് യു.എസ്.പാരമ്പര്യമല്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒബാമയുടെ അവസാന ചൈനാ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച കിഴക്കന്‍ നഗരമായ ഹാങ്ഷൂവിലെ വിമാനത്താവളത്തിലാണ് ഒബാമക്കും സംഘത്തിനും ദുരനുഭവം ഉണ്ടായത്. ഒബാമയ്ക്കൊപ്പമുണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റ് വിമാനത്തില്നിന്നിറങ്ങുമ്പോള് ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് വിമാനത്താവളത്തില്‍ ഇവരെ റിബണ്‍ കെട്ടി തടഞ്ഞു. ഇതില്‍ രോഷാകുലയായ യു.എസ്.മാധ്യമപ്രവര്‍ത്തക ഇത് യു.എസ്. വിമാനമാണെന്നും വന്നത് യു.എസ്. പ്രസിഡന്റാണെന്നും വെച്ചടിച്ചു. ഇതില്‍ ചൊടിച്ച ചൈനീസ് ഉദ്യോഗസ്ഥന് ‘ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ വിമാനത്താവളവും’ എന്ന് അതേ നാണയത്തില്‍ മറുപടി നല്കി.
റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്കു പോകാന്‍ ശ്രമിച്ച യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസിനെയും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് ബെന്‍ മറാഡ്സിനെയും ചൈനീസ് ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തിരുന്നു.
Discussion about this post