കൊച്ചി: സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്‍ ജോയ്മാത്യുവിന്റെ ലേഖനത്തിന് മറുപടിയുമായി എം.എ ബേബി. ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് ബേബിയുടെ മറുപടി. പണിമുടക്ക് എന്തു പ്രാകൃത സമരമാര്‍ഗമാണെന്നാണ് ജോയി മാത്യു എഴുതുന്നത്. അതെ, ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള സമരരൂപമാണ്. അതിലും പഴയതാണ് മുതലാളിത്തചൂഷണവും. അതിന്റെ പ്രാകൃതത്വത്തെ ജോയി മാത്യു കാണാതെ പോകുന്നുവല്ലോ! എന്ന് ബേബി ലേഖനത്തില്‍ ചോദിക്കുന്നു.
കുറെയേറെ പണിമുടക്കുകള്‍ക്കുശേഷം വന്ന 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഒരു ഉത്തരവ് കേരളത്തിലെ ഫ്യൂഡലിസത്തിന്റെ ഈ അടയാളങ്ങളെ മാറ്റി. ആ പണിമുടക്കുകളുടെ കാലത്തും പണിമുടക്കിയാല്‍ എന്ത് നേട്ടമെന്ന് ചോദിക്കുന്നവര്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നുവെന്ന് ബേബി പറയുന്നു.
സമരരീതികള്‍ മാറണമെന്നമട്ടിലാണ് ജോയി മാത്യു തന്റെ വലത് ലിബറല്‍വാദം ഉന്നയിക്കുന്നത്. സമരരീതികളില്‍ മാറ്റമാകാം. പക്ഷേ, ലോകമെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന് പണിമുടക്കുപോലെ ശക്തമായൊരു സമരായുധം ഇനിയും ഉണ്ടായിട്ടില്ല. അപ്പോള്‍ പണിമുടക്കുകൊണ്ടുണ്ടായ ധനനഷ്ടത്തെക്കുറിച്ച് വാചാലനാകുന്ന ജോയി, തൊഴിലാളിവര്‍ഗത്തിന്റെ സമരംകൂടിക്കൊണ്ടാണ് ഈ ധനനേട്ടങ്ങള്‍ ഉണ്ടായതെന്നുകൂടി കാണണമെന്നും ബേബി പറയുന്നു.
ജോയി മാത്യു രാഷ്ട്രീയബോധമില്ലാത്ത സിനിമാനടനല്ല. എഴുത്തുകാരനും ഷട്ടര്‍ എന്ന മികച്ച സിനിമയുടെ സംവിധായകനുമാണ്. ജനകീയ സാംസ്‌കാരികവേദിയില്‍ പ്രവര്‍ത്തിച്ച ആളാണ്. ഇടത് സാഹസികത്വത്തിന്റെ രാഷ്ട്രീയമുണ്ടായിരുന്ന ആളാണ്. ഇടത് സാഹസികത്വം യഥാര്‍ഥത്തില്‍ വലതുപക്ഷമാണെന്നാണ് രാഷ്ട്രീയസിദ്ധാന്തം. എന്നാല്‍, ജോയി മാത്യു ഇന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പുരോഗമന മതേതരവാദിയാണെന്നും ബേബി ലേഖനത്തില്‍ പറയുന്നു.
ഏകദേശം ഒരുവര്‍ഷത്തിനുമുമ്പ് എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി സര്‍ക്കാരിനുമുന്നില്‍ 12 ആവശ്യങ്ങളുടെ ഒരു പട്ടിക സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനായിരുന്നു പണിമുടക്ക്. തൊഴിലാളികള്‍ക്ക് സംഘടിക്കാനും കൂലിക്കായി മുതലാളിയോട് പേശാനുമുള്ള അവകാശത്തിനായിരുന്നു പണിമുടക്ക് നടത്തിയതെന്നും ബേബി പറയുന്നു.
അസംഘടിതമേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം എന്നതായിരുന്നു സമരത്തിന്റെ ഒരു പ്രധാന ആവശ്യം. പെന്‍ഷന്‍കാരുടെ അവകാശങ്ങളായിരുന്നു അടുത്ത ഇനം. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെയും സ്ഥിരംജോലികള്‍ കരാര്‍ജോലികളാക്കി മാറ്റുന്നതിനെതിരെയുമായിരുന്നു സമരം. റെയില്‍വേയിലും പ്രതിരോധത്തിലും സ്വകാര്യവല്‍ക്കരണം നടത്തുന്നതിനെതിരെയായിരുന്നു സമരം. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും പൊതുവിതരണം ശക്തിപ്പെടുത്തുകയായിരുന്നു ഒന്നാമത്തെ ആവശ്യം. തൊഴിലവസരങ്ങളുടെ വര്‍ധനയായിരുന്നു ഒരു പ്രധാന ആവശ്യം. നമ്മുടെ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് അടിസ്ഥാന ജീവിതസൗകര്യം ഉറപ്പാക്കുന്നതിനുമായിരുന്നു ഈ ആവശ്യങ്ങള്‍.
സമരം ചെയ്യുന്ന തൊഴിലാളിയുടെ പക്ഷത്താണോ അതോ വിയര്‍പ്പു തുടയ്ക്കുന്ന തക്കത്തിന് ഐക്യം പൊളിച്ചകത്തു പോകുന്ന കരിങ്കാലിയുടെ പക്ഷത്താണോ നിങ്ങള്‍? സമരത്തെക്കുറിച്ച് മലയാളമനോരമ നല്‍കുന്ന റിപ്പോര്‍ട്ടുമാത്രം വായിച്ച് പണിമുടക്കിനെതിരെ മനോരമയില്‍ എഴുതി സുകൃതം കണ്ടെത്തുന്നത് രാഷ്ട്രീയബോധമുള്ള ഒരാളുടെ പ്രവൃത്തിയല്ലെന്നും ബേബി ജോയ് മാത്യുവിനെ കുറ്റപ്പെടുത്തുന്നു.
Discussion about this post