കൊല്‍ക്കത്ത: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. ഫാസിസ്റ്റ് പാര്‍ട്ടികളെ എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ‘പരിചയസമ്പന്നനായ സഖാവ്’ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ന്യൂയോര്‍ക്കില്‍ പോകണമെന്ന് പ്രകാശ് കാരാട്ടിന്റെ പേര് പരാമര്‍ശിക്കാതെ കനയ്യ കുമാര്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടന്ന ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് സമ്മേളന വേദിയിലായിരുന്നു കനയ്യകുമാറിന്റെ കളിയാക്കല്‍.
ജെഎന്‍യുവില്‍ നിന്നും പഠിച്ചിറങ്ങിയ മുതിര്‍ന്ന സഖാവുണ്ട് . ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. സഖാവെ, താങ്കള്‍ക്ക് എതിരിടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ രാഷ്ട്രീയം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോകൂ. ഈ പോരാട്ടം ഞങ്ങള്‍ തുടരും എന്നിങ്ങനെയായിരുന്നു കനയ്യയുടെ പ്രസംഗം.
ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പ്രകാശ് കാരാട്ട്.
മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാഷിസ്റ്റ് അല്ലെന്നു പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണ് എന്നായിരുന്നു കാരാട്ടിന്റെ വിലയിരുത്തല്‍. ഏകാധിപത്യരീതിയെ ഫാഷിസമെന്നു വിളിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലേതുപോലുള്ള ഫാഷിസ്റ്റ് രീതി ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് ആവശ്യമില്ല. തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിലൂടെ ജനപിന്തുണ നേടാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നില്ല എന്നും കാരാട്ട് പറയുന്നു. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന സീതാറാം യെച്ചൂരിയുടെ വിലയിരുത്തല്‍ തള്ളി കൊണ്ടായിരുന്നു കാരാട്ടിന്റെ വാക്കുകള്‍. മോദിയെ നിരവധി തവണ ഹിറ്റ്‌ലറോട് താരതമ്യപ്പെടുത്തിയിരുന്നു സീതാറാം യെച്ചൂരി.
Discussion about this post