ലഖ്നൗ: കടിച്ച തെരുവ് നായയെ വെടിവച്ച പോലീസുകാരനെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി റിപ്പോര്‍ട്ട് തേടി. ലഖ്നൗവിലെ ചിന്‍ഹട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ മഹേന്ദ്ര പ്രതാപിനെതിരെയാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഞായറാഴ്ച തന്നെ ആക്രമിച്ച തെരുവ് നായയെ പ്രതാപ് വെടിവച്ചിരുന്നു.
ബാര്ബാങ്കിലേക്ക് ജോലി സംബന്ധമായി പോകുന്നതിനിടെയാണ് പ്രതാപിനെ തെരുവ് നായ ആക്രമിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ വീട്ടില്‍ തിരികെ എത്തി തോക്ക് എടുത്ത് നായയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതാപിനെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് മൃഗസ്നേഹികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായ കാമ്ന പാണ്ഡെ മനേക ഗാന്ധിക്ക് പരാതി നല്‍കുകയായിരുന്നു. വെടിയേറ്റ നായയെ പിന്നീട് പ്രദേശത്ത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നായ വെടിയേറ്റ് ചത്തോ എന്നറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Discussion about this post