ബെംഗളൂരു: ബെംഗളൂരുവില്‍ അക്രമാസക്തമായ ജനങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെയാണ് ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതമായി തുടരുകയാണ്. 56 ബസുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രശ്നങ്ങള്‍ ഗുരുതരമായതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റന്നാള്‍ വരെ നീട്ടി. പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടര്‍ന്ന് ബെംഗളൂരുമൈസൂര്‍ റോഡ് അടച്ചു. ഒരു സ്കാനിയയും അഞ്ച് വോള്‍വോയുമടക്കം കേരളത്തിലേക്കുള്ള 43 കെഎസ്ആര്‍ടിസി ബസ്സുകള്‍ ബെംഗളൂരുവില്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാത്രം സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.
മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മലയാളികളുടെ സുരക്ഷിതരായിരിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്കി. കേരളത്തിലേക്കുള്ള ബസ് യാത്രക്ക് അതിര്‍ത്തിവരെ പൊലീസ് സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം അവധി ആഘോഷിക്കാന്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറായി നില്ക്കുന്ന മലയാളികള്‍ സംഘര്‍ഷം മൂലം ദുരിതത്തിലായി. പ്രശ്നപരിഹാരത്തിന് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ബസ്സ് സര്‍വീസ് പുനരാരംഭിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ണാടകയില്‍ നിന്നും സേലം വഴി കേരളത്തിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ബെംഗളൂരിലേക്കുള്ള ബസ്സ് സര്‍വീസുകളും നിര്‍ത്തിവെച്ചു. മതിയായ സുരക്ഷയില്ലെങ്കില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പാലക്കാടോ സുല്‍ത്താന്‍ ബത്തേരിയിലോ യാത്ര അവസാനിപ്പിച്ചേക്കും. ബെംഗളൂരുവിലും മറ്റ് സംഘര്‍ഷ മേഘലയിലും കേന്ദ്രസേനയെ നിയമിച്ചുകഴിഞ്ഞു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബെംഗളൂരു മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നഗരത്തിലെ സ്കൂളുകളും അടച്ചു. കനത്ത സുരക്ഷയിലാണ് നഗരം. കാവേരി പ്രശ്നത്തില്‍ കര്‍ണാടകത്തിന് പുറമെ തമിഴ്നാട്ടിലും വ്യാപക അക്രമങ്ങള്‍ നടന്നുവെന്ന വാര്‍ത്തകളാണ് ഉയരുന്നത്. ബെംഗളൂരുവില്‍ തമിഴ്നാട് ലോറികള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെയും തമിഴ്നാട്ടിലെ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തി.
ഹോട്ടലുകളുടെ ജനല്‍ചില്ലുകളും വാതിലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പെട്രോള്‍ ബോംബ് എറിഞ്ഞതായും ആരോപണമുണ്ട്. കര്‍ണാടകയില്‍ തമിഴ്നാട്ടുകാര്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ചെറുപത്രികകളും അക്രമികള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്കി. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബസ്സുകള്‍ അടക്കം കര്‍ണാടകയില്‍ നിന്നുമുള്ള അഞ്ച് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നേരെ രാമേശ്വരത്ത് ആക്രമണമുണ്ടായി.
തമിഴ്നാട്ടിലെ കന്നഡക്കാര്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. കാവേരിയില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടകം വീണ്ടും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. എത്രയും വേഗത്തില്‍ വെള്ളം നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ഇരുസംസ്ഥാനങ്ങളിലും പ്രതിഷേധം ഒന്നുകൂടി കനത്തത്.
Discussion about this post