പനാജി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഭീഷണിയുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തനിക്കുമെതിരെ സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നാവിന്റെ നീളം കൂടിയെന്നും അത് അരിയണമെന്നുമാണ് പരീക്കര്‍ പറയുന്നത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇവിടെ തനിക്കെതിരെയുമാണ് കെജ്‌രിവാള്‍ പറയുന്നത്. ഇങ്ങനെ നീളുന്ന നാവ് മുറിച്ചുമാറ്റണമെന്നും പരീക്കര്‍ പറയുന്നു.
ഗോവയില്‍ ബിജെപി കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ യോഗത്തിലാണ് പരീക്കര്‍ കെജ്രിവാളിനെതിരെ ഭീഷണി മുഴക്കിയത്. ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ പിടിപെട്ട് 40 പേര്‍ മരിച്ചപ്പോള്‍ ആംആദ്മി മന്ത്രിമാര്‍ സ്ഥലത്തില്ലാത്തതിനെയും പരീക്കര്‍ വിമര്‍ശിച്ചു. അവരുടെ മൊഹല്ല ക്ലിനിക്കുകള്‍ സജീവമാണെങ്കില്‍ എങ്ങനെയാണ് 40 പേര്‍ ചിക്കുന്‍ ഗുനിയ പിടിപ്പെട്ട് മരിച്ചത്. ഈ സംഭവത്തോടെ എഎപിയുടെ നുണകളെല്ലാം പൊളിയുകയാണ്. റേഷന്‍ കാര്‍ഡുകള്‍ക്ക് പോലും സ്ത്രീകളെ ആംആദ്മി നേതാക്കള്‍ ചൂഷണം ചെയ്ത് വരികയാണെന്ന് പുറത്താക്കപ്പെട്ട മന്ത്രി സന്ദീപ് കുമാറിന്റെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മനോഹര്‍ പരീക്കര്‍ പരിഹസിച്ചു.
ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ച് ആംആദ്മി മന്ത്രിമാര്‍ ഇപ്പോള്‍ ലോക പര്യടനത്തിലാണെന്നും പരീക്കര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ പരസ്യത്തിനായി 26.82 കോടി രൂപ ചെലവിട്ടത് എങ്ങനെയാണെന്നും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post