അഹമ്മദാബാദ്: 1993ല്‍ മുംബൈയില്‍ നടത്തിയ സ്ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരന്മാരില് ഒരാള്‍ അറസ്റ്റിലായി. സ്ഫോടനത്തിന് ആര്.ഡി.എക്സ് എത്തിച്ചു നല്കിയ അബ്ദുള്‍ സത്താര്‍ ബട്ലിവാല (60) എന്നയാളെയാണ് 23 വര്‍ഷത്തിനു ശേഷം ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മുംബൈയിലെ ഏറ്റവും സമ്പന്നര്‍ താമസിക്കുന്ന ബ്രാന്ദ വെസ്റ്റ് കോളനിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ജംനഗര്‍ പോലീസിന് കൈമാറി.
ബോളിവുഡിലെ മുതിര്‍ന്ന താരങ്ങളും ഒരു ക്രിക്കറ്റ് താരവുമാണ് ബാന്ദ്ര കോളനിയില്‍ ഇയാളുടെ അയല്‍വാസികളെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ബട്ട്ലിവാലയെ കസ്റ്റഡിയില്‍ എടുത്തത്. ഗോസബാറ ആയുധ കേസിലും ആര്.ഡി.എക്സ് സ്ഥാപിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മഹാരാഷ്ട്രയില്‍ നന്ദീദ് സ്വദേശിയായ ഇയാള്‍ ഹോട്ടല്‍, ഫര്‍ണീച്ചര്‍ ബിസിനസുകാരനായിരുന്നു.
സ്ഫോടനത്തിനു മുന്‍പ് ബട്ട്ലിവാല ദുബായില്‍ ദാവൂദ് ഇബ്രാഹിം വിളിച്ച യോഗത്തില്‍ സഹോദരന് അനീസിനൊപ്പം പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം മുംബൈയില്‍ നടന്ന കലാപത്തില്‍ മുസ്ലീം ജനത കൊല്ലപ്പെട്ടതില്‍ പ്രതികാരം ചെയ്യുന്നതിനായിരുന്നു സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ഇതിനായി പാകിസ്ഥാന് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്താന്‍ പദ്ധതിയിട്ടതും ഈ കൂടിക്കാഴ്ചയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post