ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷം. കനത്ത ചൂടിനെ തുടർന്ന് 50 പേർ മരിച്ചു. ഡൽഹി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനുമുകളിലാണ്. പല സംസ്ഥാനങ്ങളിലും നിരവധി പേർ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. ബീഹാറിൽ 32 പേർ ഉഷ്ണതരംഗം മൂലം മരിച്ചു. അതിൽ 17 പേർ ഔറംഗബാദിലും ആറ് പേർ അറായിലും റോഹ്താസിലും മൂന്ന് വീതവും ബക്സറിൽ രണ്ട് പേരും പട്നയിൽ ഒരാളും മരിച്ചു. ഒഡീഷയിലെ റൂർക്കേലയിൽ 10 പേർ മരിച്ചു. ജാർഖണ്ഡിലെ പലാമുവിലും രാജസ്ഥാനിലും അഞ്ച് പേർ വീതവും ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ഒരാളുമാണ് മരിച്ചത്.
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന്, നാല് ദിവസം കൂടി കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . പ്രായമായവരും കുട്ടികളും നേരിട്ടുള്ള സൂര്യതാപം ഏൽക്കരുതെന്നും സർക്കാർ നിർദേശിച്ചു .
Discussion about this post