കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. പ്രതി നാടുവിടാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞു. ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയത് താനല്ലെന്നും സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണെന്നും തനിക്ക് പങ്കില്ലെന്നും അമീറുല്‍ ഇസ്ലാം രാവിലെ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അമീറുള്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയത്.
കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അനാര്‍ എവിടെയാണെന്ന് പൊലീസിനറിയാമെന്നും അമീര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമീറുല്‍ ഇസ്ലാമിന്റെ സഹോദരനും നേരത്തെ ഇതേ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ നടത്തിയിരുന്നു. ദ്വിഭാഷിയെ വെക്കുന്നതിനുളള അനുമതിയും കോടതി നല്കി. അമീറുലിന്റെ സഹോദരന് പൊലീസിന് നല്കിയ രഹസ്യമൊഴിയും പുറത്തു വന്നിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം അമീറുല്‍ തന്നെ വന്നു കണ്ടതായി സഹോദരന് ബദര്‍ മൊഴിയില്‍ സമ്മതിക്കുന്നുണ്ട്. നാട്ടില്‍ പോകാന്‍ രണ്ടായിരം രൂപ ചോദിച്ച അമീറുല്‍ മുതലാളിയോട് തര്‍ക്കമുണ്ടായെന്നാണ് പറഞ്ഞത്. മഞ്ഞ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചെത്തിയ അമീര്‍ തിരികെ പോയപ്പോള്‍ ഇത് മടക്കി കൈയില്‍ കൊണ്ടുപോകുകയാണ് ചെയ്തതെന്നും മൊഴിയുടെ പകര്‍പ്പിലുണ്ട്. അതേസമയം അനാറാണ് പ്രതിയെന്ന് മൊഴിയില്‍ പറയുന്നില്ല.
എന്നാല്‍ പ്രതി കുറ്റം നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും കേസില്‍ ഒരു തിരിച്ചടിയും പൊലീസിന് ഉണ്ടാകില്ലെന്നും കേസ് അന്വേഷണ ചുമതലയുളള എസ്പി ഉണ്ണിരാജ പറഞ്ഞു. അമീറുല്‍ ഇസ്ലാം തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോള്‍ അനാര്‍ കേരളത്തില്‍ ഇല്ല. അമീറാണ് കുറ്റം ചെയ്തതെന്നാണ് ഡിഎന്‍എ തെളിവുകളും സാക്ഷിമൊഴികളും ശരിവെയ്ക്കുന്നതെന്നും ഉണ്ണിരാജ വ്യക്തമാക്കി.
Discussion about this post