തൃശൂർ: പോലീസ് അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ. അന്തിക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം യദു കൃഷ്ണനാണ് പോലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അകാരണമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി യദു മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി.
തിരഞ്ഞെടുപ്പ് കാലത്ത് യദുവുൾപ്പെടെയുള്ള പ്രവർത്തകർ കരുതൽ തടങ്കലിൽ ആയിരുന്നു. അപ്പോഴായിരുന്നു പോലീസ് മർദ്ദിച്ചതെന്നാണ് യദുവിന്റെ പരാതി.
കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. അന്തിക്കാട് നടന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു യദു. ഇവിടെയെത്തി പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
എസ്‌ഐയും അഡീഷണൽ എസ്‌ഐയുമാണ് കസ്റ്റഡിയിൽ എടുക്കാൻ യദുവിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽവച്ചു തന്നെ പോലീസ് അനാവശ്യമായി ചീത്ത വിളിച്ചുവെന്ന് യദു പറയുന്നു. സ്റ്റേഷനിൽ കൊണ്ടുപോയതിന് പിന്നാലെ ഇതിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിലെ മുറിയിലേക്ക് കൊണ്ടുപോയി. ഈ ഇരുട്ട് മുറിയിൽവച്ച് കരിക്ക് കൊണ്ടായിരുന്നു മർദ്ദനം എന്നും യദു പറയുന്നു.
പിന്നീട് പിറ്റേന്ന് യദുവിനെ പോലീസ് വിട്ടയച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതായി യദു വ്യക്തമാക്കി. ഗുണ്ടാ പ്രവർത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു വെളിപ്പെടുത്തി. സംഭവത്തിൽ അന്തിക്കാട് സിഐ, അഡീഷനൽ എസ്‌ഐ എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
അതേസമയം സിപിഎം പ്രവർത്തകന്റെ ആരോപണം പോലീസ് നിഷേധിച്ചു.
സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി യദുവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്ത മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.












