കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പരിക്ക്. ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്.
ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു ഗരുഡ പ്രീമിയം എന്ന പേരിലുള്ള നവകേരള ബസ് കോഴിക്കോട് നിന്നും യാത്ര തിരിച്ചത്. എന്നാൽ യാത്ര തുടങ്ങി അൽപ്പനേരത്തിന് ശേഷം വാതിലിന് തകരാർ അനുഭവപ്പെടുകയായിരുന്നു. വാതിൽ തനിയെ തുറന്നുവരാൻ തുടങ്ങി. യാത്രികർ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജീവനക്കാർ ബസ് നിർത്തി ഡോർ ശരിയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഡോർ കെട്ടിവയ്ക്കുകയായിരുന്നു. ശേഷം യാത്ര തുടർന്നു. ഇന്ന് രാവിലെ 11.30 ഓടെ ബസ് ബംഗളൂരുവിൽ എത്തുമെന്നാണ് വിവരം.
അതേസമയം ഹൗസ് ഫുള്ളായിട്ട് ആയിരുന്നു ബസിന്റെ കന്നിയാത്ര. മുഴുവൻ സീറ്റുകളിലും ആളുകൾ ഉണ്ട്. നവകേരള ബസിലെ യാത്രയ്ക്കായുള്ള ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റഴിഞ്ഞത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഢംബരനികുതിയും നൽകണം. മുഖ്യമന്ത്രി ഇരുന്ന് യാത്ര ചെയ്ത സീറ്റിനായിരുന്നു വൻ ഡിമാൻഡ്. സീറ്റ് നമ്പർ 25ലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്.
എല്ലാ ദിവസവും ബസ് സർവ്വീസ് ഉണ്ട്. കോഴിക്കോട് നിന്നും എല്ലാ ദിവസവും പുലർച്ചെ നാല് മണിയോടെയാകും സർവ്വീസ് ആരംഭിക്കുക. ബംഗളൂരുവിൽ എത്തുന്ന ബസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോഴിക്കോട്ടേയ്ക്ക് പുറപ്പെടും. രാത്രി 10.5 നാകും ബസ് കോഴിക്കോട് എത്തിച്ചേരുക.
Discussion about this post