കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി അതിക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ പ്രതികൾ അതിക്രമം കാണിച്ചത്. പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതോടെയാണ് ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി പ്രശ്നം ഉണ്ടാക്കിയത്. കെ.എസ്.ഇ.ബി ഓഫീസിലെ ബോര്‍ഡ് തകര്‍ത്തതായും സംഭവ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ഓവര്‍സിയറെ അസഭ്യം പറഞ്ഞതായും കാണിച്ച് ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ ഗ്രില്‍സ് അടച്ചു പൂട്ടിയതുകൊണ്ടാണ് ഓവര്‍സിയര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ജീവനക്കാര്‍ പറയുന്നു.
അതേസമയം, നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി നിലയ്ക്കുന്നതാണ് വിതരണം മുടങ്ങാന്‍ കാരണമായതെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉപയോഗം പരമാവധി നിയന്ത്രിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറയുന്നു.
Discussion about this post