തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ പോലീസ് ചുമത്തിയത് ദുർബലമായ വകുപ്പുകൾ. ഗതാഗത നിയമ ലംഘനത്തിന് മാത്രമാണ് നിലവിൽ കേസ്. ഇതിൽ എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് പോലീസ് ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ആര്യയ്ക്കും സച്ചിനും പുറമേ കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് കേസിലെ മറ്റ് പ്രതികൾ. യദുവിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി. പരാതിയിൽ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. സംഭവം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് മേയർക്കും എംഎൽഎയ്ക്കുമെതിരെ നടപടിയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.
ബസ് തടഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് യദുവിന്റെ പരാതി. എന്നാൽ ഇത് തുടക്കം മുതലേ നിഷേധിച്ച മേയർ യദു തനിക്കെതിരെ അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ബസിന് കുറുകേ വാഹനം നിർത്തുന്നതായും, ശേഷം വാഹനത്തിൽ നിന്നിറങ്ങി മേയറും സംഘവും യദുവുമായി കയർക്കുന്നതായും കാണാം. ഈ ദൃശ്യങ്ങൾ തെളിവായിരുന്നിട്ടും മേയർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതി കേസ് എടുക്കാൻ നിർദ്ദേശിച്ചത്.
Discussion about this post