തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ക് ഭക്തലക്ഷങ്ങള്‍ ആത്മസമര്‍പ്പണമായി പൊങ്കാലയിട്ടു. ക്ഷേത്രത്തില്‍ നിന്നു പത്തു കിലോമീറ്ററോളം പ്രദേശത്താണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരന്നത്. ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നവേളയില്‍ കതിനാവെടികള്‍ ഉയര്‍ന്നതോടെയാണ് ലക്ഷക്കണക്കിനു അടുപ്പുകളിലേക്കി തീപകര്‍ന്നത്.
ശ്രീകോവിലിലില്‍ നിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി പകര്‍ന്നുകൊണ്ടുവന്ന ദീപം മേല്‍ശാന്തിക്കു കൈമാറി. മേല്‍ശാന്തി കണ്ണന്‍പോറ്റി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീതെളിച്ചശേഷം ദീപം സഹശാന്തിമാര്‍ക്കു കൈമാറി. സഹമേല്‍ശാന്തി ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കു തീപകരുകയായിരുന്നു. പൊങ്കാല അര്‍പ്പണം പൂര്‍ത്തിയായതോടെ നിവേദിക്കലിനായി കാത്തിരിപ്പായി.
വൈകിട്ട് 3.15നാണു പൊങ്കാലകളിന്മേല്‍ ദേവിയുടെ അനുഗ്രഹം പകര്‍ന്നു തീര്‍ഥം തളിക്കുക. മുന്നൂറോളം പോറ്റിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈ സമയം ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്തും താലപ്പൊലിയുടെ അകമ്പടിയോടെയുള്ള പുറത്തെഴുന്നള്ളിപ്പും വൈകിട്ടും രാത്രിയുമായി നടത്തും. നാളെ കാപ്പഴിച്ചു കുരുതി തര്‍പ്പണം നടത്തുന്നതോടെ ഈയാണ്ടിലെ പൊങ്കാല ഉല്‍സവത്തിനു സമാപനമാകും.
നേത്തെ എത്തിച്ചേര്‍ന്ന പതിനായിരക്കണക്കിന് ആളുകള്‍ക്കിടെയിലേക്ക് ഇന്നലെയും പതിനായിരക്കണക്കിന് സ്ത്രീഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്.പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post