കണ്ണൂര്‍: കണ്ണൂരിലെ നരനായാട്ടു കണ്ട് മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നീതി നടപ്പിലാക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്. ഇരട്ടനീതിക്ക് തെളിവാണ് അസ്ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത്. സര്‍ക്കാറിന്റെ അനാസ്ഥക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടി മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്. ബിജെപിയും സിപിഎമ്മും അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ ജില്ലയില്‍ സമാധാനം കൈവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
90 വയസുള്ള സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊല്ലം കടയ്ക്കലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാര്‍ കൈയ്യേറ്റം ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post