കോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവ് കോയമ്പത്തൂരില്‍ വെട്ടേറ്റ് മരിച്ചു. ശശികുമാര്‍(36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സുബ്രഹ്മണ്യപാളയത്തിന് സമീപം ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് ഹിന്ദു മുന്നണി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഹിന്ദു മുന്നണിസംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശികുമാറിനെ പിന്നാലെ രണ്ട് ബൈക്കുകളിലായെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പതിനൊന്ന് വെട്ടുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിനായക ചതുര്‍ത്ഥിയ്ക്ക് ശേഷം പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ കനത്ത ആക്രമണങ്ങള്‍ നടക്കുന്നതായി മുന്നണി സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യം ആരോപിച്ചു. സംസ്ഥാനത്തെ പോലീസിന്റെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ത്താലിനെ തുടര്‍ന്ന് തിരുപ്പൂരിലും കോയമ്പത്തൂരിലും കടകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോയമ്പത്തൂരില്‍ 500ലധികം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മൂന്ന് ബസുകള്‍ക്ക് നേരെ പ്രതിഷേധക്കാരുടെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി.
Discussion about this post