ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ പ്രകോപനരഹിതമായ അക്രമങ്ങളെയും നേരിടാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം. നീതി ആയോഗാണ് പുതിയ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നത്. ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്. ഇതേ ആനുകൂല്യം, ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന പാക് സൈനികരും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവ തടയാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് നീതി ആയോഗ് പദ്ധതിയിടുന്നത്.
അക്രമിയെ കണ്ടെത്തി പിന്തുടര്‍ന്ന് വകവരുത്താന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപകരിക്കും. ആയുധങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ ആണ് അക്രമിയെ പിന്തുടരാന്‍ സഹായിക്കുന്നത്. അക്രമി ബങ്കറില്‍ ഒളിച്ചാലും രക്ഷയില്ല എന്നര്‍ത്ഥം. യുദ്ധവിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ലോക്ക്, ആം ആന്റ് ഷൂട്ട് രീതിയാകും സ്‌നിപ്പര്‍ തോക്കുകളിലും മറ്റും ഉപയോഗിക്കുക എന്ന് സൂചനയുണ്ട്.
വിദേശ രാജ്യങ്ങളില്‍ ലേസര്‍ സാങ്കേതികവിദ്യയെ കുറിച്ച് ഏറെ ഗവേഷണം നടക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ ചെലവ് കുറയ്ക്കാനും ആള്‍നാശം ഒഴിവാക്കാനും ലേസര്‍ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷ. 12-ാം പഞ്ചവത്സര പദ്ധതി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 15 വര്‍ഷത്തേക്കുളള ദര്‍ശനരേഖ തയ്യാറാക്കുകയാണ് നീതി ആയോഗ്. ലേസര്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ദര്‍ശനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Discussion about this post