ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് മികച്ച രീതിയില്‍ ജയലളിതയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് ആരോഗ്യവിവരം ആശുപത്രി പുറത്തുവിട്ടത്. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ റിച്ചാര്‍ഡ് ജോണ്‍ ബെലെ വിശദ പരിശോധന നടത്തിരുന്നു. ബെലെയുടെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ച ഡോക്ടര്‍മാരുമായി വിശദമായി ചര്‍ച്ച നടത്തി. നിലവിലുള്ള മരുന്നുകള്‍ തുടരാന്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.
ജയലളിത സുഖം പ്രാപിക്കുന്നതായി എ.ഐ.എ.ഡി.എംകെ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയലളിത മന്ത്രിമാരുമായി ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അസുഖം ഭേദമായി ജയലളിതക്ക് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി ഭരണപരമായ ചുമതലകള്‍ ആശുപത്രിയില്‍ നിര്‍വഹിച്ചുവരുന്നതായി പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി വ്യക്തമാക്കി. വിശ്രമമില്ലാതെ ജോലി ചെയ്തതുമൂലമാണ് രോഗിയായത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അടിയന്തര വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവരുന്നു. മുഖ്യമന്ത്രിയുമായി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ബന്ധപ്പെട്ടവര്‍ ആശുപത്രിയില്‍ എത്തുന്നത്. കാവേരി വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിനിര്‍ണയത്തിന് അമ്മയാണ് അന്തിമ അനുമതി നല്‍കിയത് അവര്‍ പറഞ്ഞു.
ജയലളിതയുടെ ആശുപത്രി ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ പ്രസ്താവനക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തത്തെി. ചികിത്സയില്‍ കഴിയുന്നവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് അണ്ണാ ഡി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. കരുണാനിധിയുടെ ആവശ്യം മാന്യതയില്ലാത്തതും കുറ്റകരവുമാണെന്നും സുപ്രീംകോടതി റിട്ട. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവും പ്രതികരിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ളവരും കേസുകളില്‍പെട്ടിട്ടുണ്ട്.
Discussion about this post