കൊച്ചി: ഐഎസിന്റെ കേരളഘടകത്തിന്റെ പേര് അന്‍സാര്‍ ഉള് ഖലീഫയെന്ന് റിപ്പോര്‍ട്ട്. ഈ സംഘടനയക്ക് നേതൃത്വം നല്‍കിയത് കണ്ണൂര്‍ കനകമലയില്‍ പിടിയിലായവരാണ്. കൊച്ചിയിലെ യോഗത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടതും ഇവരെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ മതേതര രാഷ്ട്രത്തിനും ജനാധിപത്യത്തിനും എതിരായിട്ടാണ്. ഇവര്ക്കെതിരായിട്ടുളള തെളിവായി ടെലിഗ്രാം ചാറ്റ് എന്‍ഐഎ എടുത്തു. ഇന്ത്യന്‍ സൈന്യത്തിനെതിരായ സന്ദേശങ്ങളും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബര്‍ സാന്നിധ്യങ്ങളുമായിരുന്നു.
ഐഎസിന്റെ മലയാളം വെബ് സൈറ്റായ അല്‍ മുഹാജിറൂന് വീണ്ടും പ്രത്യക്ഷപ്പെട്ടതും വ്യാജ ഐഡികള്‍ നിരവധിയുണ്ടാക്കി നടത്തിയ തീവ്രവാദ പ്രചാരണം വാര്‍ത്തയിലിടം പിടിച്ചതിനും തൊട്ടു പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
പെരിങ്ങത്തൂര്‍ കനകമലയില്‍ നടത്തിയ എന്‍.ഐ.എ ഓപ്പറേഷനില്‍ കുടുങ്ങിയത് ഐഎസ് പ്രചാരണ രംഗത്തെ പ്രധാനികളായിരുന്നു. കണ്ണൂര്‍ അണിയാരം സ്വദേശി മദീന മഹല്‍ മന്‍സീദ്(30), തമിഴ്നാട് കോയമ്പത്തൂര്‍ ജിഎം നഗര്‍ സ്വദേശി അബൂ ബഷീര്‍ (29), തൃശൂര്‍ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂര്‍ പൊന്മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സഫ് വാന്‍ പി (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലന്‍ കണ്ടി ജാസിം എന്‍.കെ (25), നങ്ങീലന്‍ കണ്ടി റംഷാദ്( 24) എന്നിവരെയാണ് ഇന്നലെ എന്‍.ഐ.എ ഐജി അനുരാഗ് തംഗ്, എന്‍.ഐ.എ ഡിവൈഎസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍ നിര്‍ണായകമായ തെളിവുകളും വിവരങ്ങളും ലഭിച്ചതോടെയാണ് പിടികൂടാനായി എന്‍.ഐ.എ ആസൂത്രിത നീക്കം നടത്തിയത്. ഇവരുടെ വാട്സ്ആപ്പ്, ടെലഗ്രാം തുങ്ങിയ സോഷ്യല്‍മീഡിയകളിലെ ചലനങ്ങള്‍ എന്‍.ഐ.എ നിരീക്ഷിച്ചു വരുന്നിരുന്നു. ആശയ വിനിമയമെല്ലാം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോര്ത്തുകുയും ചെയ്തിരുന്നു. കനകമലയില്‍ ഒക്ടോബര്‍ രണ്ടിന് കൂടിച്ചേര്‍ന്ന് സുപ്രധാനമായ നീക്കം നടത്താന്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പദ്ധതിയിട്ടിരുന്നു.
ഇതുപ്രകാരമായിരുന്നു എന്‍.ഐ.എ സംഘം കേരളാ പൊലീസ്, ഡല്‍ഹി പൊലീസ്, തെലങ്കാന പൊലീസ്, തമിഴിനാട് പൊലീസ് എന്നിവരുടെ സഹായത്തോടെ സംഘത്തെ പിടിച്ചത്. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് കനകമലയില്‍ പ്രതികള്‍ എത്തുന്നതിനു മുമ്പ് തന്നെ പരിസരം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശേഷം മണിക്കൂറികള്‍ കാത്തു നിന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കനകമലയിലെത്തിയ അഞ്ചു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് ഡിവൈസുകള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് പിടിയിലായവരുടെ മൊഴിപ്രകാരം കുറ്റ്യാടിയിലെ റംഷാദിനെയും കസ്റ്റഡിയിലെടുത്തു. ആദ്യം റംഷാദിന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് റംഷാദ് പിടിയിലായപ്പോള്‍ സുഹൃത്തിനെ വിട്ടയക്കുകയുമായിരുന്നു. റംഷാദിന്റെ വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ലാപ്ടോപ്പ്, ഡയറി, പുസ്തകങ്ങള്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളെല്ലാം പരിശോധിച്ചു വരികയാണ്.
കൊലപാതം വരെ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മലയാളത്തില്‍ ഐസിസിന്റെ പ്രചാരണം നടത്തിയിരുന്ന ഔദ്യോഗിക പേജ് മുഹാജിറിനു പിന്നില്‍ സംഘത്തിന്റെ കൈകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്, രണ്ട് ജഡ്ജിമാര്‍, ഒരു യുവ രാഷ്ട്രീയ നേതാവ് എന്നിവരെ വധിക്കാന്‍ ഉന്നമിട്ട് കൊണ്ടുള്ള ചര്‍ച്ചകള്‍ ഗ്രൂപ്പുകളിലൂടെ സംഘം നടത്തിയിരുന്നു. വധിക്കാനുള്ള നാലുപേരുടെയും ഫോട്ടോകള്‍ ഗ്രൂപ്പിലിട്ടും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ സംഭാഷണങ്ങളും പോസ്റ്റ് ചെയ്ത ഫോട്ടോകളും തെളിവായി എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഈ നാലുപേര്‍ ആരാണെന്ന് എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറെ നാളുകളായി ഐഎസുമായി ബന്ധപ്പെട്ട ആശയങ്ങളും ദേശവിരുദ്ധമായ സന്ദേശങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി കൈമാറുകയാണ് സംഘം ചെയ്തു വന്നിരുന്നത്. ആശയ പ്രചാരണത്തിന്റെ പ്രവര്‍ത്തന മേഖലകളെല്ലാം വാട്സ് ആപ്പ്, ഫെയ്ബുക്ക്, ടെലഗ്രാം വഴി വ്യാജ ഐഡികള്‍ മുഖേനയായതിനാല്‍ ഇവരെ ഏറെ നാളായി സുരക്ഷാ ഏജന്‍സികള്‍ക്കും പിടികൂടാനായിരുന്നില്ല. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ചു കൊണ്ടുള്ള മലയാളം പോസ്്റ്റുകള്‍ ഇട്ടിരുന്നത് സമീര്‍ അലി, ഒമര്‍ അല്‍ ഹിന്ദി, അബു ഉമൈര്‍, അബ്ദുള്ള ഇബ്നു അബ്ദുള്ള, അസ്ഹാബുല്‍ ഹഖ്, അഹമദ് ജലാല്‍, അബൂ ബഷീര്‍ തുടങ്ങിയ ഐഡികളില്‍ നിന്നായിരുന്നു.
പിടിയിലായ ആറു പേരും വിദ്യാ സമ്പന്നരും നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നുള്ളവരുമാണ്. തീവ്ര ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്നവരായിരുന്നില്ല ഇവരുടെ കുടുംബങ്ങള്‍. ജാസിം, റംഷാദ് ഇരുവരും ബന്ധുക്കളാണ്. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, തീവ്രസലഫിസം, തബ്ലീഗ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരോ ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരോ ആണ് പിടിയിലായവര്‍. 05/ 2016 നമ്പറില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി 120 ബി, 121, 121 എ, 122 എന്നിവയും യുഎപിഎ പ്രകാരമുള്ള 18, 18 ബി, 20, 38, 39 എന്നീ ഒമ്പത് വകുപ്പുകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ആറു പേരെയും രഹസ്യ കേന്ദ്രത്തിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോയിട്ടുണ്ട്. ഇന്ന് എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍.ഐ.എ അറിയിച്ചു. രാജ്യത്ത് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആഴ്ന്നിറങ്ങിയ വേരുകള്‍ ഇവരിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നു തന്നെയാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Discussion about this post