ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറേക്കാലം വേണ്ടിവരും. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരണം. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം നാളെയും ആശുപത്രിയില്‍ തുടരുമെന്നും ബുള്ളറ്റിന്‍ പറയുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ആണ് ജയലളിത ചികിത്സയില്‍ കഴിയുന്നത്.
കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗപ്രതിരോധശേഷി തകര്‍ക്കുന്ന സെപ്‌സീസ് എന്ന രോഗമാണ് ജയലളിതയെ ബാധിച്ചിരുന്നത്. കരള്‍ മാറ്റിവയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം. ശരീരഭാരം 82 കിലോഗ്രാമില്‍ നിന്ന് അമ്പതായി താണെന്നും ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലണ്ടനില്‍ നിന്നെത്തിയ ഡോ. ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പന്ത്രണ്ടംഗ സംഘം ജയലളിതയെ ചികിത്സിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Discussion about this post