ശ്രീനഗര്‍: പതിനഞ്ച് ലഷ്കര്‍-ഇ-ത്വയിബ ഫിദായീന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സൈന്യം. ജമ്മുകാശ്മീരിലെ നൗഗാം മേഖലയിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 തീവ്രവാദികള്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളായി വേര്‍പിരിഞ്ഞുവെന്നും, ഇന്ത്യയില്‍ കടുത്ത ആക്രമണമാണ് ഇവരുടെ ലക്ഷ്യമെന്നും സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇക്കൂട്ടത്തിലെ ഒരു സംഘത്തെയാണ് ഹന്ദ്വാരയിലെ 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പ് ആക്രമണത്തിനിടെ ഒക്ടോബര്‍ 5ന് സൈന്യം തുരത്തിയത്. പാംപോറില്‍ ഇഡിഐ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുന്നവരാണ് രണ്ടാമത്തെ സംഘം. ഇനി മൂന്ന് സംഘങ്ങള്‍ കൂടി പുറത്തുണ്ടെന്നും, ഇവരും എവിടെയെങ്കിലും ആക്രമണം ആസൂത്രണം ചെയ്യുകയാകുമെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു. ഹന്ദ്വാരയില് കൊല്ലപ്പെട്ട മൂന്ന് പാക് തീവ്രവാദികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ്, ഈ സുപ്രധാന വിവരങ്ങളുള്ളത്. ഹന്ദ്വാരയില് തന്നെ എവിടെയോ ഈ മൂന്ന് സംഘങ്ങള്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
ഈ മൂന്ന് സംഘത്തിന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍, കാശ്മീര്‍ താഴ്വരിയിലാകെ സുരക്ഷാസേനയ്ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ശ്രീനഗര്‍ജമ്മു ഹൈവേയിലോ ശ്രീനഗര്കുപ്വാര ഹൈവേയിലോ സുരക്ഷാ ചുമതലയിലുള്ള സൈനികരെ ആക്രമിക്കലാകും ഇവരുടെ ലക്ഷ്യമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇരു ഹൈവേയിലും സിആര്‍പിഎഫും സൈന്യത്തിന്റെ സ്വിഫ്റ്റ് ആക്ഷന്‍ സംഘവും 24 മണിക്കൂറും പരിശോധന നടത്താന്‍ ആരംഭിച്ചുകഴിഞ്ഞു.
അതേസമയം, ജമ്മു കശ്മീരില്‍ സൈനീകവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണമുണ്ടായി. ഷോപ്പിയാനില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേര്‍ക്കാണ് ഒരുസംഘം ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു സൈനികനും നാല് തദ്ദേശവാസികളും ഉള്‍പ്പെടുന്നു.
കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് പുതിയ ആക്രമണം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം പൊളിച്ച് ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള തീരുമാനത്തിലാണ് സൈന്യം. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ആക്രമണം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post