കൊച്ചി: ഐഎസ് ഉള്‍പ്പെടെ തീവ്രവാദസംഘടനകള്‍ കേരളത്തില്‍ വേരുറപ്പിച്ചതിന് പിന്നില്‍ ജമാ അത്ത് ഇസ്ലാമിയും ഇടത് ബുദ്ധിജീവികളും ആണെന്നാരോപിച്ച് മുസ്ലിം ലീഗ് എംഎല്‍എ കെ.എം ഷാജി. ഇടത് വലത് വ്യത്യാസമില്ലാതെ കേരളത്തിലെ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്ന് ഐഎസ് കേരളത്തില്‍ വേരുറപ്പിച്ചതിന് പിന്നിലെന്നും ഷാജി ആരോപിക്കുന്നു. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കേരളത്തിലെ ‘ഐഎസ് വളം വെച്ചതാര്?’- എന്ന ലേഖനത്തിലാണ് ഷാജിയുടെ വിമര്‍ശനം.
”അന്‍സാറുല്‍ ഖിലാഫയുടെ വെബ്സൈറ്റിനെക്കുറിച്ച് ഇക്കൂട്ടര്‍ അറസ്റ്റുചെയ്യപ്പെടുന്നതിനുമുമ്പുതന്നെ പല മാധ്യമങ്ങളിലും വന്നതാണ്. അന്നൊന്നും നമ്മുടെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇക്കാര്യത്തില്‍ കേരളാപോലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലതാനും. രാജ്യത്തെ ഏറ്റവും മികച്ച പോലീസ്സേനകളിലൊന്നാണ് നമ്മുടേത്. പോലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടില്‍.ഇടത്-വലത് വ്യത്യാസമില്ലാതെ നാട്ടിലെ വലുതും ചെറുതുമായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വര്‍ഗീയ തീവ്രവാദ സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുംനേരേ കണ്ണടയ്ക്കുകയാണ് സാമാന്യേന ചെയ്തുപോരുന്നത്. വര്‍ഗീയ തീവ്രവാദ സ്വരൂപങ്ങളോടുള്ള മമതകൊണ്ടല്ല, തിരഞ്ഞെടുപ്പുഗണിതവുമായി ബന്ധപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയതാത്പര്യങ്ങള്‍കൊണ്ടാണ് ഇത്തരം ശക്തികള്‍ക്ക് ഇവിടെ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അമ്പത് ശതമാനമെങ്കിലും സത്യസന്ധത പുലര്‍ത്തിയാല്‍ ഇത്തരം തീവ്രവാദികളെ, അവര്‍ ഏത് മതജനുസ്സില്‍പ്പെട്ടവരായാലും അനായാസം പിടികൂടാവുന്നതേയുള്ളൂ.”-ഷാജി എഴുതുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മലയാളികള്‍ ലഷ്‌കര്‍-ഇ-തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന വാര്‍ത്തയോ ഐ.എസ്സില്‍ ചേര്‍ന്നു എന്ന വാര്‍ത്തയോ പുറത്തുവന്നാല്‍ ആദ്യം വാളും പരിചയുമായി പ്രതിരോധിക്കാന്‍ രംഗത്തുവരുന്നത് കേരളത്തില്‍ ഒരുതടസവും നേരിടാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മതതീവ്രവാദ സംഘടനകളാണെന്നതാണ്. ഒന്നുകില്‍ ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്നോ ഗൂഢാലോചനയുടെ പരിണതഫലമാണെന്നോ ഇക്കൂട്ടര്‍ നിര്‍വിശങ്കം പ്രഖ്യാപിക്കും. അല്ലെങ്കില്‍ അവയെ ഇസ്ലാമോഫോബിയയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കും. മതതീവ്രവാദം ആഗോളതലത്തില്‍ ഒരു യാഥാര്‍ഥ്യമാണെന്നതുപോലെ ഇസ്ലാമോഫോബിയയും യാഥാര്‍ഥ്യമാണെന്ന് സമ്മതിക്കുന്നു. പക്ഷേ, കശ്മീരിലെ വനാന്തരങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവരെയും കനകമലയില്‍ ഒത്തുകൂടി വധപരമ്പരയും മറ്റ് വിധ്വംസകപ്രവൃത്തികളും ആസൂത്രണം ചെയ്തവരെയും ഏത് ഗൂഢാലോചനാസിദ്ധാന്തത്തിന്റെ പേരിലാണ് ന്യായീകരിക്കാന്‍ കഴിയുക? ഏത് ഇസ്ലാമോഫോബിയയുടെ കള്ളിയിലാണ് പെടുത്താന്‍ കഴിയുക?
നിര്‍ഭാഗ്യകരമായ വസ്തുത, ഇത്തരക്കാര്‍ക്കൊക്കെ പ്രതിരോധത്തിന്റെ വന്‍മതിലുകള്‍ തീര്‍ക്കാന്‍ പ്രത്യക്ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, സാംസ്‌കാരികമണ്ഡലത്തിലെ ഒരു വിഭാഗവും തയ്യാറാകുന്നുവെന്നതാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളില്‍ വ്യാപൃതരായ ഒരുവിഭാഗം ബുദ്ധിജീവികളെയും എഴുത്തുകാരെയും ബഹുവിധങ്ങളായ പ്രലോഭനങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവരാനും അവരില്‍ ചിലരെയൊക്കെ തങ്ങളുടെ പ്രതിച്ഛായയില്‍ത്തന്നെ മാറ്റിത്തീര്‍ക്കാനും കേരളത്തിലെ മതതീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഗള്‍ഫ്രാജ്യങ്ങളില്‍ സുഖസഞ്ചാരത്തിന് കൊണ്ടുപോയും തങ്ങളുടെ പത്ര-വാരികകളില്‍ പംക്തികളും അസാമാന്യമാംവിധം ഇടവും അനുവദിച്ചുകൊണ്ടും ഇത്തരം അവസരവാദികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും ഇവര്‍ അക്ഷരാര്‍ഥത്തില്‍ വിലയ്ക്കെടുത്തിട്ടുണ്ട്. ഈ മട്ടിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇക്കൂട്ടരെയാണ് പ്രതിരോധത്തിന്റെ പത്മവ്യൂഹം തീര്‍ക്കാന്‍ ആദ്യം നിയോഗിക്കുക. ഇവരില്‍ ഇടതുബുദ്ധിജീവികളായി അറിയപ്പെടുന്നവരും മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ഗാത്മക സാഹിത്യകാരന്മാരുമുണ്ട്. പിന്നെ ഈ മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ സാരഥികള്‍ ഇക്കൂട്ടരെ ഉദ്ധരിച്ചുകൊണ്ട് ന്യായവാദങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങും.
കേരളം ജനനിബിഡമായ, സ്പര്‍ധയില്ലാതെ ആളുകള്‍ സഹവര്‍ത്തിത്വത്തിലൂടെ വസിക്കുന്ന സംസ്ഥാനമാണ്. ഇവിടെ ഏതുതരം തീവ്രവാദസ്വരൂപങ്ങളും മുളച്ചുപൊങ്ങിയാല്‍ ഞൊടിയിടയില്‍ ആര്‍ക്കും മനസ്സിലാകും, പ്രത്യേകിച്ച് ജനങ്ങളുമായി നിരന്തരസമ്പര്‍ക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്. നേരത്തേ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ സത്യസന്ധതകാണിക്കുകയും മതതീവ്രവാദ സംഘടനകള്‍ക്ക് അസ്പൃശ്യത കല്‍പ്പിക്കുകയും ചെയ്യുന്നതോടൊപ്പം ചില ബുദ്ധിജീവികളും എഴുത്തുകാരും ഒരു വ്യാഴവട്ടത്തിലേറെയായി മതതീവ്രവാദികളോട് പുലര്‍ത്തുന്ന സര്‍വാശ്ലേഷിയായ ബന്ധം അവസാനിപ്പിക്കുകയും വേണം. മതതീവ്രവാദ സംഘടനകള്‍ക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലഭിക്കുന്ന ഭീമമായ ഫണ്ടിനെക്കുറിച്ചും അതിന്റെ സ്രോതസ്സുകളെക്കുറിച്ചും കൂലങ്കഷമായ അന്വേഷണവും സമാന്തരമായി നടക്കണം.
..
Discussion about this post