പനാജി: ഭീകരവാദത്തിന്റെ മാതൃത്വം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീകരത കാരണമാകുമെന്നും ഭീകരവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ അയല്‍രാജ്യത്തിനാണ് ഭീകരവാദത്തിന്റെ മാതൃത്വമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അയല്‍രാജ്യം ഭീകരവാദത്തിന് മാത്രമല്ല തണലേകുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഉപകരണം കണക്കെയാണ് ഭീകരവാദത്തിന് അവര്‍ കൂരയൊരുക്കുന്നതെന്നും പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ മോദി വിമര്‍ശിച്ചു. രണ്ടുദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ എട്ടാമത്തെ ഉച്ചകോടിക്കാണ് ബെനൗലിമില്‍ തുടക്കമായത്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ഭീകരവാദത്തെ ചെറുക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന ആഹ്വാനത്തിലാണ് ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്ക് അവസാനമായത്. ഇന്ത്യ നേരിടുന്ന ഭീകര ഭീഷണിക്ക് ചൈനയും റഷ്യയും ശക്തമായ പിന്തുണയേകി.
ഉച്ചകോടിക്കായി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ ഗോവയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയും മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകരും ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചകോടിക്കായി ഒരുങ്ങിയ താജ് എക്‌സോട്ടിക്കയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജായിരുന്നു.
ഭീകരവാദത്തെ പിന്തുണക്കുന്ന സമീപനം തുടരുന്ന പാകിസ്ഥാനെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ബ്രിക്‌സ് ഉച്ചകോടിയും ഇന്ത്യ അതിനുള്ള വേദിയായി ഉപയോഗിച്ചത്.
Discussion about this post