കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാതെ ചെന്നൈയിലെത്തും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
അതിനിടെ നടന്‍ രജനികാന്ത്, മകള്‍ ഐശ്വര്യ ആര്‍ ധനുഷ് എന്നിവര്‍ ഞായറാഴ്ച ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തി. 25 മിനിട്ടോളം ആസ്പത്രിയില്‍ ചിലവഴിച്ച അവര്‍ ഡോക്ടര്‍മാരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ജയലളിത എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്ന് രജനികാന്ത് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതിനിടെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയെന്ന അഭ്യൂഹങ്ങള്‍ ആസ്പത്രി അധികൃതര്‍ നിഷേധിച്ചു. സപ്തംബര്‍ 22 മുതല്‍ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ എത്തിയിരുന്നു.
Discussion about this post