ഡല്‍ഹി: മൂന്ന് ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. 2017 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ നികുതി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെ വിഷയങ്ങളിലും യോഗത്തില്‍ തീരുമാനമെടുക്കും. സാധാരണ ജനത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിനാല്‍ നിര്‍ണായകമാണ് ഈ യോഗം.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നവംബര്‍ 22നകം കൗണ്‍സില്‍ സമവായത്തിലെത്തണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാന ധനമന്ത്രിമാരും കൗണ്‍സിലില്‍ അംഗങ്ങളാണ്. കഴിഞ്ഞമാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ മേഖലാതലത്തില്‍ നല്‍കേണ്ട ഇളവുകളും വടക്കു കിഴക്കന്‍ മേഖലയിലും പര്‍വത പ്രദേശങ്ങളിലുമുള്ള 11 സംസ്ഥാനങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തിലും ധാരണയായിരുന്നു.
നികുതി നിരക്കാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. 17 മുതല്‍ 18 ശതമാനം വരെയായി നിരക്ക് നിശ്ചയിക്കണമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശം. ആഡംബര കാറുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവയ്ക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. കേന്ദ്ര ജി.എസ്.ടി ബില്ലും ഇന്റഗ്രേറ്റഡ് ജി.എസ്.ടി ബില്ലുകളും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാനാണ് നീക്കം. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കുന്നത് സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഒന്നിലും ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
11 ലക്ഷം സേവന നികുതി റിട്ടേണുകള്‍ പരിശോധിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിലനിര്‍ത്തുന്ന വിഷയത്തിലും കൗണ്‍സില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ തീരുമാനമായതാണെങ്കിലും ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങള്‍ എങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചു. തങ്ങളുടെ അധികാരം നഷ്ടപ്പെടുന്നതിനോട് യോജിപ്പില്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ അഭിപ്രായം.
Discussion about this post