ഡല്‍ഹി: അയോധ്യയില്‍ രാമായണ മ്യൂസിയം തുടങ്ങുന്നതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രിയുടെ യു.പി. സന്ദര്‍ശനത്തിന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മ എത്തുന്നു. ഇന്ന് പദ്ധതിപ്രദേശം സന്ദര്‍ശിക്കും. നിര്‍ദിഷ്ട രാമായണ സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി 25 ഏക്കറില്‍ നിര്‍മിക്കുന്ന മ്യൂസിയം, 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്ത പ്രദേശത്തുനിന്നു 15 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
യു.പിയിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പി. മന്ത്രിയുടെ ഈ സന്ദര്‍ശനമെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം. എന്നാല്‍ ടൂറിസം മന്ത്രി എന്ന നിലയില്‍ മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തുന്നതെന്നും തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടെന്നും ശര്‍മ പ്രതികരിച്ചു. അയോധ്യയിലും ഇന്ത്യയിലും വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണിത്. ടൂറിസം മന്ത്രിയെന്ന നിലയില്‍ അയോധ്യ എങ്ങനെ വികസിപ്പിക്കാം എന്നതുമാത്രമാണ് തന്റെ മനസിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ഥാടന വിനോദസഞ്ചാരത്തിന്റെ ഭാഗമായി രാമായണ സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിവയാണ് പദ്ധതിയിട്ടിരിക്കുന്നത്. രാമായണ സര്‍ക്യൂട്ടിനായി കേന്ദ്രം 225 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 151 കോടി അയോധ്യക്കുവേണ്ടി മാത്രവും, മന്ത്രി വിശദീകരിച്ചു.
അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല എന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുമാത്രമേ ഇപ്പോള്‍ തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുള്ളൂ എന്നും കേന്ദ്രമന്ത്രിയായ ഉമാ ഭാരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശര്‍മയുടെ സന്ദര്‍ശനം.
2014 ലോകസഭ തെരഞ്ഞെടുപ്പ് വേളയിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു.
Discussion about this post