ഡല്‍ഹി: ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ-സംഭരണശാലകള്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പെട്രോളിയം മന്ത്രാലയത്തിന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിന്നും ഏതുതരത്തിലുള്ള തിരിച്ചടിയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്റലിജന്‍സ് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ ശുദ്ധീകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനുമായി പാക്ക് ചാരന്‍ നടത്തിയ സംഭാഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഇക്കാര്യം പുറത്തായത്. ഐഎസ്‌ഐ ചാരന്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ ടെലിഫോണില്‍ ബന്ധപ്പെട്ടത്. ഈ സംഭാഷണം ഇന്റലിജന്‍സ് ബ്യൂറോ പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാനിലുള്ള അതീവ രഹസ്യസ്വഭാവമുള്ള ഹൈഡ്രോകാര്‍ബണ്‍ പൈപ്പ് ലൈനിനെപ്പറ്റിയാണ് പാക്ക് ചാരന്‍ അന്വേഷിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഇയാള്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിരവധി പാക്ക് ചാരന്‍മാര്‍ വ്യാജ വിലാസങ്ങളില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവുമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും ഒരു കാരണവശാലും നിര്‍ണായകമായ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എണ്ണ ശുദ്ധീകരണ പൈപ്പ് ലൈനുകള്‍ക്ക് കേടുവരുത്തുന്നതിലൂടെ ഏറെക്കാലം പല മേഖലകളിലെയും ഊര്‍ജ വിതരണം തടയാനും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും സാധിക്കും. കൂടാതെ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് നിഗമനം.
Discussion about this post