ശ്രീനഗര്‍: ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് 12 സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പുറത്താക്കി. പോലീസിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വകുപ്പ് മേധാവികള്‍ക്ക് നല്‍കിയത്. കശ്മീര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റജിസ്ട്രാറും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ റവന്യൂ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷ്യ വിതരണം എന്നീ മാന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവര്‍.
ഉദ്യോഗസ്ഥരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ആരോപണ വിധേയരെ പിരിച്ചുവിടാന്‍ ചീഫ് സെക്രട്ടറി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പിരിച്ചുവിട്ടവരില്‍ ചിലര്‍ അറസ്റ്റിലാണെന്നും അധികൃതര്‍ അറിയിച്ചു.
നൂറ് ദിവസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയെന്നാണ് സൂചന. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ 91 പേര് മരിക്കുകയും 12000 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post