കശ്മീര്‍: ബി.എസ്.എഫ് താവളത്തിനുനേരെ വെടിവെപ്പ് നടത്തിയ പാക് സൈനികര്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ആര്.എസ് പുരയിലാണ് വെള്ളിയാഴ്ച രാത്രി വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തെ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും ബി.എസ്.എഫ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇന്ത്യന്‍ സൈന്യം നല്കിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ കത്വ സെക്ടറിലായിരുന്നു വെടിവെപ്പ്. ബി.എസ് എഫ് ജവാന് ഗുര്‍നാം സിങ്ങിന് പാക് വെടിവെപ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കേണ്ടിവന്നത്. ഗുരുതരമായ പരിക്കേറ്റ ഗുര്‍നാം സിങ് ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Discussion about this post