തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുത്തത് അങ്ങേയറ്റം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണമെന്നും കേരളീയ സമൂഹത്തിന് ലജ്ജാകരമാണിതെന്നും സുധീരന് പറഞ്ഞു. അഭിഭാഷക സമൂഹമാകെ മോശക്കാരാണെന്ന് ആരും പറയില്ല. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ നിരതന്നെ നമുക്കുണ്ട്. അഭിഭാഷക സമൂഹത്തിന് തന്നെ കളങ്കം വരുത്തിവെക്കുന്ന നിലയിലാണ് ചെറിയൊരു വിഭാഗം അഭിഭാഷകരുടെ പ്രവൃത്തി.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ കേസെടുക്കുന്നതിന് വേണ്ടത്ര ശുഷ്കാന്തി പൊലീസ് കാണിച്ചില്ല. ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഇരകള്‍ക്കെതിരെ കേസെടുക്കുന്ന ഈ പ്രവണത ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. കേസ് നീട്ടിക്കൊണ്ടു പോകുന്നത് നിയമസംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സുധീരന് പറഞ്ഞു. വനിത മാധ്യമ പ്രവര്‍ത്തകരുടെ ചിത്രം സഹിതം ഉപയോഗിച്ചാണ് അവരെ അപമാനിച്ചത്. ഈ പ്രവണത ആദ്യമായിട്ടാണ് കാണുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കേരളത്തില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നത് ആശങ്കാജനകമാണ്. ഇത്തരം പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കുക എന്നതാണ് അഭികാമ്യം. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Discussion about this post