തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് തനിക്ക് വരുന്ന ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ജേക്കബ്ബ് തോമസിനെപ്പോലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തുന്നു എന്ന പരാതി അതീവ ഗൗരവമാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ തന്നെ നല്‍കുന്ന വിശദീകരണം.
അതേസമയം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തല്‍ക്കാലം തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തില്ലെങ്കില്‍ തല്‍ക്കാലം അവിടെ തുടരാന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചതായാണു സൂചന.
അദ്ദേഹം കത്തു നല്‍കിയതിന് പിന്നാലെ ഡയറക്ടര്‍ സ്ഥാനത്തു ജേക്കബ് തോമസ് തുടരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയും അക്കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തീരുമാനം ജേക്കബ് തോമസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം അവിടെ തുടരാനാണു തീരുമാനമെന്നറിയുന്നു.
Discussion about this post