ഡല്‍ഹി: അക്കൗണ്ടുകളില്‍ പാക്ക് സൈബര്‍ സംഘം നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രതപാലിക്കാന്‍ ബാങ്കുകള്‍ക്കു മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്താണു കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴില്‍ സൈബര്‍ സുരക്ഷയുടെ ചുമതലയുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം-ഇന്ത്യ (സിഇആര്‍ടി-ഇന്‍) ജാഗ്രതാനിര്‍ദേശം അയച്ചത്. പാക്കിസ്ഥാന് ആസ്ഥാനമായുള്ള സൈബര്‍ കുറ്റവാളികള്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്.
ബാങ്കിങ് മേഖല നിലവില്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്നു സിഇആര്‍ടി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അക്കൗണ്ടുകളുടെ സുരക്ഷാ കവചം കൂടുതല്‍ ദൃഢമാക്കുകയാണു ലക്ഷ്യം. എടിഎം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് വിവിധ ബാങ്കുകള്‍ക്കു സിഇആര്‍ടി കഴിഞ്ഞദിവസം ഇ-മെയില്‍ സന്ദേശം അയച്ചു.
സൈബര്‍ സുരക്ഷയ്ക്കു നിലവിലുള്ളതിനു പുറമെ പ്രത്യേകമായി നയം രൂപീകരിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ ബലത്തിലുള്ള സൈബര്‍ അതിക്രമങ്ങളെ നേരിടാന്‍ നിലവിലുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ അപപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. സൈബര്‍ ആക്രമണങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടിയും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പു നല്‍കിയും കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സിഇആര്‍ടി ബാങ്കുകള്‍ക്കു ജാഗ്രതാനിര്‍ദേശം അയച്ചിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ട്രോജന്‍ വൈറസിനെതിരെ മുന്‍കരുതലെടുക്കണമെന്നായിരുന്നു ജൂലൈ ഒന്ന്, ഓഗസ്റ്റ് 12, 24 തീയതികളില്‍ അയച്ച നിര്‍ദേശങ്ങളുടെ കാതല്‍.
Discussion about this post