കശ്മീര്‍: അതിര്‍ത്തിയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പാക്കിസ്ഥാന് സൈന്യത്തിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) രംഗത്ത്. ഏതെങ്കിലും ഇന്ത്യന്‍ സൈനികനെ ലക്ഷ്യമിട്ടാല്‍ പാക്കിസ്ഥാന് അതിനു വലിയ വില നല്‍കേണ്ടിവരുമെന്ന് ബിഎസ്എഫ് പശ്ചിമ കമാന്‍ഡന്റ് എഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി. രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഏതെങ്കിലും രീതിയിലുള്ള പ്രകോപനം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. ഇന്ത്യന്‍ ജവാന്മാര് ഏത് ആക്രമണവും നേരിടാന്‍ സജ്ജ്മാണെന്നും ബിഎസ്എഫ് എഡിജി വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പാക്ക് സൈനിക വിന്യാസം ഊര്‍ജിതമാണെന്ന റിപ്പോര്‍ട്ട് ശരിവച്ച അരുണ്‍ കുമാര്‍, ഏതു സാഹചര്യത്തെയും നേരിടാന്‍ സേന തയാറാണെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് റേഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ജവാന് ഗുര്‍നാം സിങ്ങിന് ബിഎസ്എഫ് അന്തിമോപചാരം അര്‍പ്പിച്ചു. മേഖലയില്‍ പാക്ക് റേഞ്ചേഴ്സിന്റെ സഹായത്തോടെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. ഭീകരര്‍ക്ക് നുഴഞ്ഞു കയറുന്നതിന് വേണ്ടിയാണ് പാക്ക് റേഞ്ചേഴ്സ് വെടിവയ്പ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ കത്തുവ ജില്ലയില്‍ ഹിരനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പിന് ബിഎസ്എഫ് കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഇതില്‍ ഏഴു പാക്ക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും അതിര്‍ത്തിക്കപ്പുറത്ത് കൊല്ലപ്പെട്ടവരെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post