ഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ നാലാഴ്ച്ചയ്ക്കകം വിദേശത്തുള്ള സ്വത്തുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസിലെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റീസ് കുര്യന് ജോസഫും ജസ്റ്റീസ് രോഹിംങ്ടണ് നരിമാനുമടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയില്‍ നിന്ന് സ്വീകരിച്ച പണമുള്‍പ്പടെ വിദേശത്തുളള മുഴുവന്‍ സ്വത്തുകളുടെയും വിവരങ്ങള്‍ വെളിപ്പെടുത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തെ ഇതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. പക്ഷേ, അന്ന് സ്വത്ത് വിവരങ്ങള്‍ വെലിപ്പെടുത്താന്‍ മല്യ തയാറായിരുന്നില്ല. ഡിയാഗോയില്‍ നിന്ന് സ്വീകരിച്ച 40 മില്യണ്‍ ഡോളര്‍ അടക്കമുള്ള സ്വത്തുവിവരങ്ങള്‍ വിജയ് മല്യ കോടതിക്കു നല്കിയ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കോടതി നിര്‍ദ്ദേശിച്ച രൂപത്തിലല്ല വിജയ് മല്യ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ കൃത്യത വരുത്താനാണ് മല്യക്ക് നാലാഴ്ച്ചത്തെ സമയം കൂടി അനുവദിക്കുന്നതെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
മല്യ നിരന്തരം കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും കോടതിയെ മനപ്പൂര്‍വം കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വ്യക്തമാക്കി.
Discussion about this post