ഡല്‍ഹി: സുരക്ഷാ രഹസ്യാന്വേഷണ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈബര്‍ സുരക്ഷയിലും തീവ്രവാദ വിരുദ്ധ നടപടികളിലും ഈ സഹകരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കും പ്രതിനിധിതല ചര്‍ച്ചയ്ക്കും ശേഷമായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
യുഎന്‍ സ്ഥിരാംഗത്വം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡ് നല്കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു. ഭക്ഷ്യസംസ്കരണം, ഡയറി, കാര്‍ഷിക മേഖലകളിലും അവയുടെ വിതരണ ശൃംഖലകളിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ആഗോളസാമ്പത്തിക രംഗത്തെ വളര്‍ന്നുവരുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സാമ്പത്തിക ബന്ധവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചു. രാവിലെ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമായിരുന്നു ജോണ്‍ കീ ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ വരവേല്പ് നല്കി. പിന്നീടായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്‍എസ്ജിയിലെ ഇന്ത്യയുടെ അംഗത്വം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുന്നതിന് ന്യൂസിലന്‍ഡിനോട് പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.
Discussion about this post