ജയ്പൂര്‍: മുത്തലാഖിലൂടെ വിവാഹ മോചിതയായ സ്ത്രീയെ വീണ്ടും ഭാര്യയാക്കുന്നതിന് സുഹൃത്തുമായി നിര്‍ബന്ധപൂര്‍വ്വം കിടക്ക പങ്കിടുവിപ്പിച്ചെന്ന അന്പത്കാരനെതിരെ ബലാത്സംഗക്കേസ്. രാജസ്ഥാനിലെ ജയ്പൂരില്‍ മുന്‍ഭാര്യയുടെ പരാതിയിലാണ് കേസ്. സുഹൃത്തുമായുള്ള വാതുവെപ്പില്‍ ഭാര്യയെ ഇയാള്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ തന്റെ പ്രവൃത്തി ഭാര്യയെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥയായ നികാഹ് ഹലാലയുടെ ഭാഗമാണെന്നാണ് ഇയാളുടെ വാദം.
ശരീഅത്ത് നിയമപ്രകാരം മുത്തലാഖിലൂടെ വിവാഹമോചനം നടത്തിയ ശേഷം മുന്‍ ഭാര്യയെ തിരിച്ചെടുക്കണമെങ്കില്‍ മറ്റൊരാള്‍ വിവാഹം കഴിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ബന്ധം വേര്‍പ്പെടുത്തുകയാണെങ്കില്‍ മാത്രമെ സാധ്യമാകൂ. ഇത് നടപ്പിലാക്കാന്‍ സുഹൃത്തുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കേസ്.
എട്ട് മാസം മുമ്പാണ് മുത്തലാഖിലൂടെ സ്ത്രീയെ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. 25 വര്‍ഷത്തോളം നീണ്ട വിവാഹ ബന്ധത്തിന് ശേഷമായിരുന്നു ഇത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. ബന്ധം വേര്‍പെടുത്തിയെങ്കിലും ഇയാള്‍ താനുമായി ശാരീരിക ബന്ധം തുടര്‍ന്നിരുന്നെന്നും ഭാര്യ പരാതിയില്‍ പറയുന്നു. സുഹൃത്തുമായി ശാരീരിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങാത്തതിനാല്‍ ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇയാള്‍ പിന്നെയും ശാരീരിക ബന്ധം പുലര്‍ത്തി.. ഇത്തരം സാഹചര്യത്തില്‍ എന്തിനാണ് നികാഹ് ഹലാലയെന്ന് താന്‍ ചോദിച്ചു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് പുറത്ത് പോകാമെന്ന വ്യാജേന തന്നെ ഭര്‍ത്താവ് സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഗുളിക നല്കി മയക്കിയ ശേഷം സുഹൃത്തിനെ കൊണ്ട് പീഡിപ്പിക്കുകയുമായിരുന്നു. പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ബഹളം വെച്ചെങ്കിലും ഭര്‍ത്താവ് തന്നെ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് പോകവെ വഴിമധ്യേ, സുഹൃത്ത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുമായി തനിക്ക് നികാഹ് ബന്ധമൊന്നുമില്ല. ഇത് വ്യക്തമായ ബലാത്സംഗമാണെന്നും അല്ലാതെ ഹലാലയല്ലെന്നും സ്ത്രീ പറയുന്നു. അതേസമയം സുഹൃത്ത് വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട് ഭര്‍ത്താവ് ജയ്പൂര്‍ സിറ്റി ഖാസിയുടെ സാക്ഷ്യപത്രം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നും സ്ത്രീ ആരോപിച്ചു. തന്റെ വ്യാജ ഒപ്പിട്ട് വിവാഹമോചന പത്രം തയ്യാറാക്കിയതിന് ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മുത്തലാഖ് ചര്‍ച്ചയായിരിക്കെ ഈ സംഭവം മുസ്ലിം വ്യക്തിനിയമത്തിലെ മറ്റൊരു അനീതിയെയാണ് വ്യക്തമാക്കുന്നതെന്ന് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് സഹസ്ഥാപക സാകിയ സൊമന്‍ പറഞ്ഞു.വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം തിരിച്ചെടുക്കണമെങ്കില്‍ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്നും പിന്നീട് വിവാഹ മോചനം നേടിയാല്‍ മാത്രമെ ആദ്യ ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാന്‍ പറ്റൂവെന്നുമാണ് നതപണ്ഡിതര് പറയുന്നത്. ് മനുഷ്യത്വ രഹിതവും ക്രൂരവുമായ നികാഹ് ഹലാല നിരോധിക്കണമെന്നും സാകിയ പറഞ്ഞു.
മുത്തലാഖും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎംഎ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ജയ്പൂരിലെ കേസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സാകിയ സോമന് പറഞ്ഞു.
എന്നാല്‍ യുവതി നല്കിയ കേസ് ബലാത്സംഗമാണെന്നും നിക്കാഹ് ഹലാലയല്ലെന്നും ജമാഅത്തെ ഇസ്ലാമി നേതാവും മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
Discussion about this post