കോഴിക്കോട്: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാർ അപ്രതീക്ഷിതമായി കൂട്ട അവധി എടുത്തതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിസന്ധി. 12 മണിക്കൂറിനിടെ 78 വിമാന സർവീസുകളാണ് കരിപ്പൂരിൽ മാത്രം റദ്ദ് ചെയ്തത്. കരിപ്പൂരിൽ നിന്നും റാസൽഖൈമ, ദുബായ്, കുവൈത്ത്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് യാത്രക്കാരിൽ പലരും സർവീസ് റദ്ദാക്കിയ വിവരം അറിയുന്നത്.
ഇതേതുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇവരെ പോലീസെത്തിയാണ് അനുനയിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിസ കാലാവധി കഴിയുന്നവരും അത്യാവശ്യമായി ജോലിക്ക് കയറേണ്ടവരും ആശുപത്രി ആവശ്യങ്ങളുള്ളവരും ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉണ്ട്.
അതേസമയം, യാത്ര പുനക്രമീകരിക്കാനോ പണം റിഫണ്ട് ചെയ്യാനോ ആവശ്യമായ സജീകരണങ്ങൾ ചെയ്യാമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലേക്ക് യാത്ര പുനക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി എയർ ഇന്ത്യ അറിയിച്ചു.
മൂന്നൂറോളം വരുന്ന ജീവനക്കാരാണ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചത്. അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ ഉൾപ്പെടെ സ്വിച്ച് ഓഫ് ചെയ്ത് പോയതായാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. വിഷയത്തിൽ വ്യോമയാന മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.
Discussion about this post