ലക്‌നൗ: ബഹുജൻ സമാജ് പാർട്ടി ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും തന്റെ അനന്തരവൻ കൂടിയായ ആകാശ് ആനന്ദിനെ മാറ്റി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി അദ്ധ്യക്ഷയുമായ മായാവതി. ആകാശ് ആനന്ദിനെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും തന്റെ രാഷ്ട്രീയ പിൻഗാമി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി അവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ വലിയ താൽപ്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനമെടുക്കുന്നതെന്നും ആനന്ദിനെ പൂർണ്ണ പക്വത കൈവരിക്കുന്നത് വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണെന്നും മായാവതി വ്യക്തമാക്കി. മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ പുത്രനാണ് 29കാരനായ ആകാശ് ആനന്ദ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിൻഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബി.ജെ.പി സർക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് റാലികളിൽ ആകാശ് ആനന്ദ് സംസാരിക്കുന്ന രീതി മായാവതി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. അടുത്തിടെ റാലികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗങ്ങൾ വിവാദമായിരുന്നു. ഏപ്രിൽ 28 ന് നടന്ന ഒരു റാലിയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സീതാപൂർ പൊലീസ് ആനന്ദിനെതിരെ ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post