ഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും മികച്ച ഹെല്‍മറ്റും അത്യാധുനിക തോക്കുകളും വാങ്ങാനുള്ള പദ്ധതിക്ക് ആരംഭം കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘനാളായി മരവിപ്പിച്ചിരുന്ന, സൈന്യത്തിന്റെ ആധുനീകരണം വേഗത്തിലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ ആയുധക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ നവീകരിക്കാന്‍ വേണ്ടി 250 ബില്യണ്‍ ഡോളര്‍ അനുവദിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
നിരവധി പ്രതിസന്ധി ഘട്ടങ്ങളും യുദ്ധസമാനമായ സാഹചര്യവും നേരിടുന്ന ഇന്ത്യന്‍ സൈന്യത്തെ ഇനിയും നവീകരിച്ചില്ലെങ്കില്‍ അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പത്തുവര്‍ഷമായി ഇതിനുള്ള യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നാണ് നിരീക്ഷണം. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ നിര്‍മ്മിത ഇന്‍സാസ് റൈഫിളുകളാണ് നിലവില്‍ സൈന്യത്തിന്റെ പക്കലുള്ളത്. കൂടുതല്‍ ഉഗ്രശേഷിയുള്ള റൈഫിളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1, 85,000 റൈഫിളുകള്‍ വാങ്ങാനാണ് തീരുമാനം. ഒപ്പം ആധുനിക ഹെല്‍മറ്റുകളും ബുള്ളറ്റ് പ്രൂഫ് കവചങ്ങളും വാങ്ങും.
ഇത് സംബന്ധിച്ച് നവംബര്‍ ഏഴിനു മുന്‍പ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5.6എം എം ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരം 7.62 എം എം റൈഫിളുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 65,000 റൈഫിളുകളാണ് വാങ്ങുന്നത്. ലൈറ്റ് ആട്ടോമാറ്റിക്ക് റൈഫിളുകളും യന്ത്രത്തോക്കുകളും സ്നൈപ്പറുകളും വാങ്ങാനുദ്ദേശിച്ചവയില് ഉള്‍പ്പെടുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനമുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമുള്ള ആയുധങ്ങള്‍ ഉടന്‍ വാങ്ങാനാണ് തീരുമാനം.
Discussion about this post