ചെന്നൈ: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും പാകിസ്ഥാന്‍കാരിക്ക് ഇന്ത്യയുടെ കാരുണ്യം. ചെന്നൈയില്‍ കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന ഭര്‍ത്താവിന് വേണ്ടി പാക് വംശജയായ ഇന്തോനേഷ്യക്കാരി ഷഫീഖാ ബാനുവിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മെഡിക്കല്‍ വിസ അനുവദിച്ചു.
പാക് വംശജര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വിസാ കഌയറന്‍സ് വേണമെന്നിരിക്കെയാണ് സുഷമയുടെ ഇടപെടല്‍ ബാനുവിനെ തുണച്ചത്. ചെന്നൈ നഗരത്തിലെ അപ്പോളോ ആശുപത്രിയില്‍ ഭര്‍ത്താവ് അഫ്‌സല്‍ അബ്ദുള്‍ റസാഖ് അക്ബാനിയുടെ ശസ്ത്രക്രിയ നടത്തുന്നതിന് സഹായിക്കണം എന്ന ഇവരുടെ ട്വിറ്ററിലൂടെയുള്ള അപേക്ഷ സുഷമ പരിഗണിക്കുക ആയിരുന്നു. അപേക്ഷ സമര്‍പ്പിച്ച് രണ്ടു ദിവസത്തിനുള്ളിലായിരുന്നു സുഷമയുടെ പ്രതികരണം. വിസ അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയെ സമീപിക്കാനുമായിരുന്നു നിര്‍ദേശം.
ട്വിറ്ററില്‍ സജീവമായിരിക്കുകയും പെട്ടെന്ന് തന്നെ ട്വീറ്റിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന സുഷമയുടെ സഹായം ഇതിനകം അനേകര്‍ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വപരമായ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കെ ട്വിറ്ററില്‍ സുഷമയെ പിന്തുടരുന്നവരുടെ എണ്ണം കൂടുകയുമാണ്.
Discussion about this post