ഡല്‍ഹി: ചാരപ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ട പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ 16 കൂട്ടാളികളുടെ പേരുകള്‍ കൂടി വെളിപ്പെടുത്തിയതായി ഡല്‍ഹി പോലീസ്. നാടുകടത്തുന്നതിനു മുമ്പ് ഡല്‍ഹി പോലീസിന്റെയും ഇന്റലിജന്‍സ് ഏജന്‍സിയുടെയും സംയുക്തമായ ചോദ്യം ചെയ്യലിലാണ് മെഹ്മൂദ് അക്തര്‍ മറ്റ് പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മെഹ്മൂദിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇതില്‍ എത്രമാത്രം യാഥാര്‍ഥ്യമുണ്ടെന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
മെഹ്മൂദിന് വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍, സുഭാഷ് ജങ്കീര്‍ എന്നിവരെ രാജസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളിലെത്തിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
മെഹ്മൂദ് അക്തറിനെയും രാജസ്ഥാന്‍ സ്വദേശികളെയും കഴിഞ്ഞ ബുധനാഴ്ചയായിരുന്ന പിടികൂടിയത്. ഇതേത്തുടര്‍ന്ന് ജോധ്പുരില്‍ നിന്ന് വിസാ ഏജന്റായ ഷോയബ് ഹസനും പിടിയിലായിരുന്നു. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനായതിനാല്‍ ചോദ്യം ചെയ്ത ശേഷം മെഹ്മൂദിനെ ഇന്ത്യ പുറത്താക്കുകയായിരുന്നു.
Discussion about this post