ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയൊരുക്കുന്ന പുതിയ ചാനലിന് പണമൊരുക്കുന്നത് എംപി രാജീവ് ചന്ദ്രശേഖരറും പിന്തുണക്കുന്നത് റൂപര്‍ട്ട് മര്‍ഡോക്കുമെന്ന് ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇ ടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായ അര്‍ണാബ് ഗോസ്വാമി ഇന്നലെയാണ് രാജിപ്രഖ്യാപനം നടത്തിയത്. ഒരാഴ്ചയിലേറെയായി നിലനിന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്നലെ എഡിറ്റോറിയല്‍ യോഗത്തില്‍ രാജി പ്രഖ്യാപനം ഉണ്ടാകുന്നത്.
വിവാദ പ്രയോഗങ്ങളിലൂടെ ടെലിവിഷന്‍ ചര്‍ച്ചകളിലെ ആങ്കര്‍ എന്ന നിലയില്‍ സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാദത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. സ്വന്തം ഉടമസ്ഥതയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ടൈംസ് നൗവിന്റ എഡിറ്റോറിയല്‍ യോഗത്തില്‍ അര്‍ണബ് അറിയിച്ചതായാണ് വിവരം. എന്നാല്‍, അടുത്തകാലത്ത് ടെലിവിഷന്‍ റേറ്റിങ്ങില്‍ ടൈംസ് നൗവിന്റെ ഇടിവുണ്ടായി. രാജിക്ക് ഇത് കാരണമായോ എന്ന് വ്യക്തമല്ല.
പുതിയ മാധ്യമ സംരഭം തുടങ്ങുന്നതിനെ പറ്റിയുള്ള സൂചനകളും യോഗത്തില്‍ അര്‍ണബ് നല്‍കിയിരുന്നു. പിന്നാലെയാണ് ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപിയുടെ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ ആയിരിക്കും അര്‍ണബ് ഗോസ്വാമിയുടെ ചാനലിനുളള പണമൊരുക്കുന്നതെന്ന വാര്‍ത്തയും പുറത്തുവരുന്നത്. കൂടാതെ റൂപര്‍ട്ട് മര്‍ഡോക്കിന്റെ പിന്തുണയും അര്‍ണബിന്റെ ചാനലിനുണ്ടാകുമെന്നാണ് വിവരങ്ങള്‍. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുളള ഏഷ്യാനെറ്റ് ചാനലുകള്‍ മര്‍ഡോക്ക് സ്വന്തമാക്കിയിരുന്നു.
കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ബംഗഌരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ് രാജീവ് ചന്ദ്രശേഖര്‍. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും. നേരത്തെ ‘ആര്‍എസ്എസ് ആശയമുള്ളവരെ’ മാത്രം നിയമിച്ചാല്‍ മതിയെന്ന് ജുപ്പീറ്റര്‍ കാപ്പിറ്റലിന്റെ നിര്‍ദേശം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് പരസ്പര വിരുദ്ധമായ വിശദീകരണവും ജുപ്പീറ്റര്‍ കാപ്പിറ്റല്‍ നല്‍കിയതും ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായ പ്രചാരണ മാധ്യമമായി അര്‍ണബിന്റെ ചര്‍ച്ചകളും ടൈംസ് നൗ ചാനലും മാറിയിരുന്നു. പിന്നീട് ദേശീയവാദത്തിലൂന്നി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അതിഥികളെ പോലും അപഹസിക്കുന്ന രീതിയിലായിരുന്നു അര്‍ണബിന്റെ ഇടപെടലുകള്‍. ‘നേഷന്‍ വാണ്ട്‌സ് ടു നോ’ എന്ന അര്‍ണബിന്റെ പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത്.
Discussion about this post