ശ്രീനഗര്‍: വിമുക്ത ഭടന്മാരുടെ വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പെന്ഷന് പദ്ധതിയില്‍ ഒരു ലക്ഷത്തോളം വിമുക്ത ഭടന്മാരെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും രണ്ട് മാസം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും പരീക്കര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ബട്ഗാമില് നടന്ന ഒരു പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരീക്കര്‍.
സര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിയാന സ്വദേശിയായ 74 വയസുകാരന് രാംകിഷന് ഗ്രെവാള്‍ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിരുന്നു. ബാങ്ക് നടപടിയിലെ ചില സാങ്കേതിക പ്രശ്നം മൂലമാണ് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് പെന്ഷന് ലഭിക്കാതിരുന്നതെന്നതാണ് സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. പെന്ഷന് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം ഏതെങ്കിലും എക്സ് സര്‍വീസ് വെല്‍ഫെയര്‍ സെല്ലിനെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികളെയോ ബന്ധപ്പെട്ടിരുന്നുവെങ്കില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
Discussion about this post